കവി നിര്‍മല്‍ജി ഇവിടെയുണ്ട്...

Update: 2025-11-01 11:20 GMT
എം. നിര്‍മല്‍ കുമാര്‍ കവിതകളും സ്മരണകളും നിറഞ്ഞുതുളുമ്പുന്ന മനസുമായി ഇവിടെയുണ്ട്. കാസര്‍കോട് മന്നിപ്പാടിയിലെ മകന്‍ വിജയചന്ദ്രന്റെ വീട്ടില്‍. തറവാട്ടുവീട് തൊട്ടടുത്ത് പാറക്കട്ടയില്‍. മഹാകവി പിയെയും ടി. ഉബൈദിനെയും മറ്റും നേരില്‍ കാണാനും അടുക്കാനും അവസരമുണ്ടായ ആള്‍.

അടുപ്പക്കാരെല്ലാം നിര്‍മല്‍ജി എന്ന് സ്‌നേഹബഹുമാനങ്ങളോടെ വിളിക്കുന്ന കവി എം. നിര്‍മല്‍ കുമാര്‍ കവിതകളും സ്മരണകളും നിറഞ്ഞുതുളുമ്പുന്ന മനസുമായി ഇവിടെയുണ്ട്. കാസര്‍കോട് മന്നിപ്പാടിയിലെ മകന്‍ വിജയചന്ദ്രന്റെ വീട്ടില്‍. തറവാട്ടുവീട് തൊട്ടടുത്ത് പാറക്കട്ടയില്‍. മഹാകവി പിയെയും ടി. ഉബൈദിനെയും മറ്റും നേരില്‍ കാണാനും അടുക്കാനും അവസരമുണ്ടായ ആള്‍.

പ്രായം 92 പിന്നിട്ടു. എങ്കിലും അതിന്റെ പരാധീനതകളില്ല. ഓര്‍മകള്‍ക്കും കാഴ്ചകള്‍ക്കും മങ്ങലേറ്റിട്ടില്ല. അടുത്തകാലം വരെ കാസര്‍കോട് ഭാഗത്തെ കവിയരങ്ങുകളിലും സാഹിത്യ- സാംസ്‌ക്കാരിക പരിപാടികളിലും പങ്കെടുക്കുമായിരുന്നു.

രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തറവാടും താവഴികളും, കടത്തുവഞ്ചി എന്നിവ. വൃത്തവും പ്രാസവും ദീക്ഷിച്ചുകൊണ്ടുള്ള ആ കവിതകളില്‍ പലതും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. 1952ല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച നിര്‍മല്‍ജി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറേറ്റ് ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റായാണ് വിരമിച്ചത്. ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍, സാക്ഷരത, ജനകീയാസൂത്രണം, പു.കാ.സ., കര്‍ഷകസംഘം, ഗ്രന്ഥശാലാ സംഘം, കാസര്‍കോട് സാഹിത്യവേദി എന്നിവയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. സാഹിത്യവേദി ഈയിടെ വീട്ടിലെത്തി ആദരം സമര്‍പ്പിക്കുകയുണ്ടായി.

1933ല്‍ ഉദുമയില്‍ കര്‍ഷക കുടുംബത്തിലാണ് നിര്‍മല്‍ കുമാറിന്റെ ജനനം. വമ്പന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യയും നാല് ആണ്‍മക്കളുമുണ്ട്. ഭാര്യയും ഒരു മകനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

തറവാട് എന്ന കവിതയുടെ തുടക്കത്തിലെ നാലുവരികള്‍:

എവിടെയെല്ലാമൊട്ടലഞ്ഞുവെന്നിട്ടും

തറവാട്ടിലെത്താന്‍ കഴിയുന്നില്ലല്ലോ!

പിറന്നനാടിനെ തിരിച്ചറിയുമാ -

ററിവു നേടുവാന്‍ കഴിയുന്നില്ലല്ലോ!

***

പി. സ്മൃതി എന്ന തലക്കെട്ടിലുള്ള ശ്ലോകം:

'താന്തോന്നിത്തം സ്വഭാവം

കവിതാരചനയില്‍ ഭ്രാന്ത്

പ്രാമാണ്യവേഷം

സ്വന്തം നാടോടുബന്ധം വിരള -

മഖിലദേശാടനാസക്തി പാരം.

ബന്ധുത്വത്തിന്‍ നിരാസം സുമധുര -

പലഹാരങ്ങളോടാഭിമുഖ്യം.

വന്ദേഹം, കാവ്യഭിക്ഷയ്‌ക്കൊരു ഗുരു -

വരനായ് വാഴുവന്‍ പി. മനസ്സില്‍.'

കവി ടി. ഉബൈദിനെക്കുറിച്ച് പ്രണാമം എന്ന ശ്ലോകം:

'കാഞ്ഞങ്ങാട്ടും കടന്നിത്തിരിവഴിയെ

വടക്കോട്ടു മുന്നോട്ടുപോയാല്‍

കാസര്‍കോട്ടെത്തി കാവ്യാംഗന കവി -

ടി.യുബൈദൊത്തു വാണോരു ദേശം.

കാവ്യോപാസകര്‍ക്കുബൈദിന്‍

സ്മരണ ഗുരു -

കൃപാനുഗ്രഹസ്സിദ്ധിതാന്‍ക്കാവ്യം വന്നുള്‍ക്കാമ്പില്‍ കനിയുവതിനു -

കൈകൂപ്പിടുന്നാപ്തദാസന്‍.'


നിര്‍മ്മല്‍ കുമാര്‍ ലേഖകനോടൊപ്പം

Similar News