സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉല്‍പന്നങ്ങളുടെയും ആവശ്യകതയെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും രക്തം എന്ന ജീവരക്ഷ സമ്മാനിച്ച സന്നദ്ധരായ രക്തദാതാക്കള്‍ക്ക് നന്ദി പറയുന്നതിനും കൂടി വേണ്ടിയാണ് ഈ ദിനം.
ജൂണ്‍ 14 ലോക രക്തദാന ദിനം. എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ലോക രക്തദാതാക്കളുടെ ദിനം ആഘോഷിക്കുന്നു. 'രക്തം നല്‍കൂ, പ്രതീക്ഷ നല്‍കൂ: ഒന്നിച്ച് ജീവന്‍ രക്ഷിക്കാം' എന്നാണ് 2025ലെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ലോകരതദാന ദിനത്തിന്റെ പ്രമേയം. ജൂണ്‍ 14 എന്നത് പ്രശസ്ത ശാസ്ത്രജ്ഞനും രക്തഗ്രൂപ്പ് സിസ്റ്റം കണ്ടുപിടിച്ച കാള്‍ ലാന്‍ഡ്സ്റ്റീനറിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ കണക്കുകള്‍ മനുഷ്യരാശിക്ക് രക്തം സുരക്ഷിതമായി കൈമാറാനുള്ള വഴികളെ തുറന്നുകൊടുത്തു. അതിനാല്‍ അദ്ദേഹത്തെ ആദരിക്കുകയും രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദിനമായി ഈ ദിവസം ആചരിക്കുന്നു.
സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉല്‍പന്നങ്ങളുടെയും ആവശ്യകതയെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും രക്തം എന്ന ജീവരക്ഷ സമ്മാനിച്ച സന്നദ്ധരായ രക്തദാതാക്കള്‍ക്ക് നന്ദി പറയുന്നതിനും കൂടി വേണ്ടിയാണ് ഈ ദിനം. അതോടൊപ്പം കൂടുതല്‍ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ്. രക്തദാനത്തെക്കുറിച്ചുള്ള ധൈര്യവും ബോധവും വളര്‍ത്തുക, ജീവിതം നഷ്ടപ്പെടാതെ ജീവിക്കാനുള്ള അവകാശം മറ്റൊരാളിനും നല്‍കുക എന്നതാണ് പ്രാധാന്യം.
മുതിര്‍ന്ന ആരോഗ്യവാനായ ഒരാള്‍ക്ക്, ശരിയായ ബോധവല്‍കരണത്തോടെയും പരിശോധനയോടെയും കൂടി, രക്തം നല്‍കാം. രക്തദാനം ചെയ്ത ശേഷം ശരീരത്തില്‍ പുതിയ രക്തകോശങ്ങള്‍ വികസിക്കുകയും രക്തത്തിന്റെ പുതുമ നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഇത് ശരീരത്തിന് ഗുണഫലങ്ങള്‍ നല്‍കുന്നു. രക്തം നല്‍കുന്നത് ഒരു ദൗത്യമാണ്. കാരുണ്യത്തിന്റെ ദൗത്യം. രക്തദാനം വൈദ്യശാസ്ത്രപരമായി പൂര്‍ണമായും സുരക്ഷിതമാണ്. സ്‌കൂളുകളില്‍, കോളേജുകളില്‍, യുവജനങ്ങളില്‍ രക്തദാന സംസ്‌കാരം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം പള്ളികളിലും ക്ഷേത്രങ്ങളിലും. ചര്‍ച്ചുകളിലും ക്ലബ്ബുകളിലുമൊക്കെ രക്തദാനത്തിന്റെ ബോധവല്‍ക്കരണം നടത്തണം. രക്തദാനം ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാത്രമല്ല, അതൊരു പ്രതീക്ഷയുടെ ദാനം കൂടിയാണ്.
സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ സമൂഹത്തില്‍ വാതില്‍ തുറക്കപ്പെടണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടണം. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയുന്ന ഏറ്റവും ലളിതവും പ്രധാനപ്പെട്ടതുമായ വഴികളില്‍ ഒന്നാണിത്. ഒരാളുടെ രക്തദാനം കൊണ്ട് രക്ഷപ്പെടുന്നത് നമ്മളറിയാത്ത ജീവനുകളാണ്. രക്തദാനത്തിലൂടെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കുന്നു. അപകടങ്ങളില്‍പെട്ടവര്‍, ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, രക്തം കട്ടപിടിക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് രക്തദാനം ചെയ്യുമ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു. രക്തദാനം ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഹൈപ്പര്‍ടെന്‍ഷന്‍, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.
ദുബായില്‍ രണ്ടു മാസത്തില്‍ ഒരിക്കലും പ്ലേറ്റ്‌ലറ്റ് 2 ആഴ്ചയിലൊരിക്കലും റെഡ് സെല്‍ നാല് മാസത്തിലൊരിക്കലും ദാനം ചെയ്യാം. ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകള്‍ക്ക് നാല് മാസത്തിലൊരിക്കലും രക്തദാനം ചെയ്യാം. സങ്കടപ്പെടുന്ന മുഖങ്ങള്‍ പുഞ്ചിരിക്കുന്ന മുഖങ്ങളാകാന്‍ രക്തദാനം സഹായിക്കുന്നു. വളരെ കുറഞ്ഞ സമയം മാത്രം വേണ്ടിവരും (സാധാരണയായി 20-30 മിനിറ്റ്) രക്തദാനത്തിന്. ശരീരത്തില്‍ പുതിയ രക്തകോശങ്ങള്‍ വികസിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഉപകാരമാണ്.