ARTICLE | പെരുന്നാള്‍ വന്നേ...

Eid is coming...;

Update: 2025-03-29 11:34 GMT

റജബ് മാസ നിലാവ് മുന്നില്‍ തെളിഞ്ഞത് അനുഗ്രഹത്തിന്റെ പുണ്യനാളുകള്‍ വരവായി എന്ന് വിളിച്ചറിയിക്കാനായിരുന്നു. പ്രതീക്ഷകളുടെ മിനാരങ്ങള്‍ക്കിടയില്‍ റമദാന്‍ നിലാവ് പ്രത്യക്ഷപ്പെട്ടതാവട്ടെ പിന്നെയുള്ള ദിനരാത്രങ്ങളിലത്രയും നാഥനിലേക്ക് മാത്രമാവണമെന്ന ആജ്ഞയുമായായിരുന്നു. പക്ഷെ, ഒടുവിലെ നിമിഷങ്ങളിലത്രയും കനവില്‍ പൂത്തുലഞ്ഞ് നിന്നത് പെരുന്നാള്‍ ചിത്രങ്ങള്‍ മാത്രമായിരുന്നു.

പെരുന്നാളടുക്കുമ്പോള്‍ മനസ്സില്‍ നിലാവിനും കിനാവിനും ഒരുപോലെ സ്ഥാനമുണ്ടാവും. ആഘോഷത്തിന് പരിധികളില്ലായിരുന്ന കുട്ടിക്കാലത്തിന്റെ പൊലിവുള്ള പെരുന്നാള്‍ ഓര്‍മ്മകളിലേക്കാണ് ഇന്ന് എന്നെ കിനാവ് കൂട്ടിക്കൊണ്ട് പോയത്. ഒരിക്കലും വിശ്രമം നല്‍കാത്ത പെരുന്നാള്‍ തിരക്കിന്റെ പാരമ്യതയിലേക്കാണ് ശവ്വാല്‍ നിലാവ് വഴി നടത്തുക.

റജബ് മാസ നിലാവ് മുന്നില്‍ തെളിഞ്ഞത് അനുഗ്രഹത്തിന്റെ പുണ്യനാളുകള്‍ വരവായി എന്ന് വിളിച്ചറിയിക്കാനായിരുന്നു. ശഹബാന്‍ നിലാവ് വിരിഞ്ഞത് അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കിയ നാഥനു വേണ്ടി പലതും ചെയ്തു കൂട്ടാനുണ്ടെന്ന അറിയിപ്പുമായായിരുന്നു. പ്രതീക്ഷകളുടെ മിനാരങ്ങള്‍ക്കിടയില്‍ റമദാന്‍ നിലാവ് പ്രത്യക്ഷപ്പെട്ടതാവട്ടെ പിന്നെയുള്ള ദിനരാത്രങ്ങളിലത്രയും നാഥനിലേക്ക് മാത്രമാവണമെന്ന ആജ്ഞയുമായായിരുന്നു. പക്ഷെ, ഒടുവിലെ നിമിഷങ്ങളിലത്രയും കനവില്‍ പൂത്തുലഞ്ഞ് നിന്നത് പെരുന്നാള്‍ ചിത്രങ്ങള്‍ മാത്രമായിരുന്നു. പിന്നെ ശവ്വാല്‍ നിലാവ് കാണാനായുള്ള കനവായിരുന്നു ഉള്ളു നിറയെ. മുന്നില്‍ തെളിഞ്ഞ ശവ്വാല്‍ നിലാവും കണ്ണഞ്ചിപ്പിക്കുന്ന കിനാവും മനസ്സിനെ മത്സരിച്ച് അര്‍മാതിപ്പിക്കുകയാണ്.

അത്തറ് മണക്കുന്ന പുത്തനുടുപ്പിനുള്ളില്‍ ഒരു ജന്മത്തിന്റെ സന്തോഷം മുഴുവന്‍ പൊതിഞ്ഞു വെച്ചിരുന്ന ബാല്യകാല പെരുന്നാള്‍ മനസ്സിലിപ്പോഴും കുളിരുള്ള മഴയായി പെയ്യുകയാണ്. കാലത്തിന്റെ കൈവഴികള്‍ ഇനി ഒരിക്കലും നിറനിലാവ് പോലെ പ്രശോഭിച്ചു നില്‍ക്കുന്ന ആ പ്രായത്തിലേക്ക് കൂട്ടിക്കൊണ്ടു പോകില്ലെങ്കിലും ഇന്നന്റെ കിനാവുകളില്‍ ബാല്യകാലത്തിന്റെ ആഘോഷപ്പെരുന്നാള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ശവ്വാല്‍ നിലാവ് കണ്ടതായുള്ള അറിയിപ്പ് വന്നാല്‍ പിന്നെ ഒന്നിനും സമയം തരാതെ പെരുന്നാള്‍ അതിന്റെ തിരക്കിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും. കടയിലേക്ക്, ഇറച്ചിക്കടയിലേക്ക്, ടൈലറിംങ്ങ് ഷോപ്പിലേക്ക്, ബാര്‍ബര്‍ ഷോപ്പിലേക്ക്... അങ്ങനെ പെരുന്നാള്‍ ആവശ്യങ്ങള്‍ നമ്മെ തിരക്കിട്ടു നടത്തും. കനവില്‍ നെയ്തുകൂട്ടിയ ഉടുപ്പണിയുന്ന പെരുന്നാള്‍ രാത്രിയില്‍ ഉറക്കത്തിന് സ്ഥാനമില്ലാതെ പോവുന്നു. ഓര്‍മ്മകളില്‍ കുളിര് ചൊരിയുന്ന കാര്യങ്ങളത്രെ ഓര്‍ത്തിട്ടും ആ രാത്രി പുലര്‍ന്ന് കിട്ടാന്‍ എത്ര നേരമാണ് കാത്തിരിക്കേണ്ടി വരിക.

അടുക്കളയില്‍ പുത്തന്‍ പലഹാരങ്ങള്‍ ഒരുക്കാനുള്ള തിരക്കിലായിരിക്കും പെണ്ണുങ്ങള്‍. കടല പൊരിച്ചതും ചട്ടിപ്പത്തിരിയും പൊരിയപ്പവും ഈന്തപ്പഴം കാച്ചിയതുമൊക്കെ നേരത്തെ ഒരുങ്ങിയതെങ്കിലും നാളത്തേക്ക് ഒരുക്കാനുള്ള സ്‌പെഷ്യല്‍ വിഭവവും ജ്യൂസുമൊക്കെയാവും അവരുടെ സ്വപ്‌നങ്ങള്‍. നഗരത്തിലെ ഫാന്‍സി കടയില്‍ നിന്ന് വാങ്ങിയ മൈലാഞ്ചി മൊഞ്ചോടെ കയ്യിലും കാലിലുമൊക്കെ കോറിയിട്ട് അവര്‍ കിടക്കുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും.

രാവിലെത്തന്നെ കുളിച്ചൊരുങ്ങി നില്‍ക്കാന്‍ ശ്രമിക്കുമെങ്കിലും പകല്‍ കിനാവില്‍ പലതും മറന്ന് റെഡിയായിക്കിട്ടാന്‍ നല്ലവണ്ണം പാടുപെടും. അന്നേരം പള്ളി മിനാരങ്ങളില്‍ നിന്ന് തക്ബീര്‍ ധ്വനി മുഴങ്ങുന്നുണ്ടാവും. പെരുന്നാള്‍ നിസ്‌കാരത്തിലേക്കുള്ള വിളിയാണത്. അന്നേരം ധൃതിയില്‍ പള്ളിയിലേക്ക് നീങ്ങും. കൂട്ടുകാരുടെയൊക്കെ വസ്ത്രങ്ങളുടെ വേറിട്ട ഭംഗി കാണുമ്പോള്‍ മനസ് പിന്നെയും കിനാവിന്റെ വഴിയെ നടക്കും. എത്രയഴകാണ് അവരുടെ വസ്ത്രങ്ങള്‍ക്കെന്ന ചിന്ത അസൂയപ്പെടുത്തും. ആ ആസ്വാദനത്തിനിടെ ഉസ്താദിന്റെ പ്രസംഗവും നിസ്‌കാരവുമൊക്കെ വേഗത്തില്‍ തീരും.

പിന്നെ ഉസ്താദിനെയും കൂട്ടുകാരെയും മറ്റും കണ്ട് പെരുന്നാള്‍ സന്ദേശം പരസ്പരം കൈമാറും. തോളോട് തോള്‍ ചേര്‍ന്നുള്ള ആലിംഗനവുമായി പെരുന്നാള്‍ ആഘോഷം അവിടെ തുടങ്ങും. എല്ലാം മറന്നുള്ള ആ ഒത്തുചേരലില്‍ മനസ്സില്‍ നിറവിലാവ് പൂത്തുലയുന്നുണ്ടാവും.അറ്റുപോയിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ചങ്ങലക്കൊളുത്തുകള്‍ വിളക്കിച്ചേര്‍ക്കുന്നതും പെരുന്നാളാണ്.

ഒന്നിനും സമയം തരാതെ ജീവിതം എളുപ്പത്തില്‍ തീര്‍ന്നുപോകുമ്പോള്‍ കൈവഴികളായി പിരിഞ്ഞ കുടുംബങ്ങളുടെ ഒത്തുചേരലിലേക്കും കൂടിയാണ് നിലാവ് ഉദിക്കുന്നത്.

Similar News