വെടിയൊച്ച നിലച്ചാലും ഇസ്രയേലേ... ലോകം ഇതെങ്ങനെ പൊറുക്കും...?
രണ്ട് വര്‍ഷം നീണ്ടുനിന്ന രക്തരൂക്ഷിതമായ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത പകരുന്ന ആശ്വാസം ചെറുതല്ല. ലോകനീതി എവിടെയെന്ന് ചോദിച്ച് വിലപിച്ചിരുന്ന ലോക മനഃസാക്ഷിയുടെ ഉള്ളില്‍ ഇപ്പോള്‍ നിറയുന്നത് ആശ്വാസത്തിന്റെ ആകാശമാണ്. പക്ഷെ, എത്രനാള്‍..?
കരഞ്ഞുകലങ്ങിയ ഹൃദയങ്ങളില്‍ ആശ്വാസത്തിന്റെ നിലാവുദിക്കുന്നുണ്ട് ഇപ്പോള്‍. പലസ്തീനില്‍ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ, രണ്ട് വര്‍ഷം നീണ്ടുനിന്ന രക്തരൂക്ഷിതമായ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത പകരുന്ന ആശ്വാസം ചെറുതല്ല. ലോകനീതി എവിടെയെന്ന് ചോദിച്ച് വിലപിച്ചിരുന്ന ലോക മനസാക്ഷിയുടെ ഉള്ളില്‍ ഇപ്പോള്‍ നിറയുന്നത് ആശ്വാസത്തിന്റെ ആകാശമാണ്. പക്ഷെ, എത്രനാള്‍? ആശ്വസിക്കുന്നതിനിടയിലും ആശങ്കയുടെ മുള്ളുകള്‍ എല്ലാവരെയും വേദനിപ്പിക്കുന്നുമുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് ഇസ്രയേല്‍ സര്‍ക്കാരും ഹമാസും തയ്യാറായി കഴിഞ്ഞു. ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട കരാറിനെ ഇസ്രയേലികളും പലസ്തീനികളും ആഹ്ലാദത്തോടെയാണ് വരവേറ്റത്.
യു.എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച 'സമാധാന നിര്‍ദ്ദേശമാണ്' നിര്‍ണ്ണായകമായ ഈ കരാറിന് വഴിയൊരുക്കിയത്. ഇതിനെത്തുടര്‍ന്ന് ഈജിപ്തിലെ ഷാം-എല്‍ ഷെയ്ഖില്‍ വെച്ച് ഹമാസും ഇസ്രയേലും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ചട്ടക്കൂടിന് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അറിയിച്ചതോടെ സമാധാനത്തിന്റെ പ്രഭ തെളിഞ്ഞു. ട്രംപിന്റെ പ്രഖ്യാപനമനുസരിച്ച്, ഹമാസിന്റെ പക്കലുള്ള 48 ബന്ദികളെ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും. ഈ കരാറോടെ ഗാസയിലെ യുദ്ധം അവസാനിച്ചതായും ട്രംപ് പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കാനും പിന്തുണ നല്‍കാനുമായി യു.എസ് 200 സൈനികരെ ഇസ്രയേലിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലി മന്ത്രിസഭ കരാറിന് അംഗീകാരം നല്‍കിയതോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നുറപ്പായി. ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പിലെ ഒരു നിശ്ചിത അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങും. ഇസ്രയേല്‍ ഏകദേശം 2,000 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. എങ്കിലും, പ്രമുഖ നേതാവായ മര്‍വാന്‍ ബര്‍ഗൂതിയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ടെല്‍ അവീവിലെ തെരുവുകളില്‍ ആയിരക്കണക്കിന് ഇസ്രയേലികള്‍ സന്തോഷം പ്രകടിപ്പിച്ച് നൃത്തം ചെയ്യുകയും ഇസ്രായേലി, അമേരിക്കന്‍ പതാകകള്‍ വീശുകയും ചെയ്യുന്നത് ലോകം കണ്ടു.
അതേസമയം, ഗാസയില്‍ ആഹ്ലാദം പൂര്‍ണമല്ല. രണ്ട് വര്‍ഷമായി ബോംബ് വര്‍ഷങ്ങള്‍ക്കിടയില്‍ കിടന്ന് പിടയുകയായിരുന്ന, എല്ലാം നഷ്ടപ്പെട്ട, നിലവിളികളുടെ പ്രകമ്പനം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഗാസാ ജനതയുടെ മനസില്‍ ഭീതിയുടെ നിഴല്‍ ഇപ്പോഴുമുണ്ട്. എല്ലാ സമാധാന ശ്രമങ്ങള്‍ക്കിടയിലും ബോംബ് ചീളുകള്‍ പൊട്ടിച്ചിതറുന്നതും വെടിയൊച്ചകള്‍ മരണമണി പോലെ മുഴങ്ങുന്നതും അവര്‍ കേള്‍ക്കുന്നു. പിന്നെങ്ങനെ അവര്‍ക്ക് സന്തോഷിക്കാനാവും? കരാര്‍ തകരുമോയെന്ന ഭയം അവരുടെ ഉള്ളിലുണ്ട്. 'ഇതിന് മുമ്പ് പലതവണ ഇത് സംഭവിച്ചതാണ്, ഓരോ തവണയും ഞങ്ങള്‍ നിരാശരായി. അതുകൊണ്ട് ഇത്തവണ ഭയവും ആശങ്കയുമാണ് സന്തോഷത്തേക്കാള്‍ വലുത്,' ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്ത 47 കാരിയായ ഓല അല്‍-നസ്‌ലിയുടെ മനസില്‍ ഭീതിയുടെ വെടിയൊച്ച ഇപ്പോഴും കേള്‍ക്കാം.
നിരവധി കാര്യങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എങ്കിലും രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്നതിനുള്ള ചുവടുവെപ്പായി പുതിയ സമാധാന കരാര്‍ മാറിയേക്കും.
ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുപക്ഷവും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കുകയും, ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അത് പ്രഖ്യാപിക്കുകയുമായിരുന്നു. ഇരുപക്ഷവും ഒപ്പുവെച്ച ഈ കരാര്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ കാബിനറ്റും രാജ്യത്തെ സഖ്യസര്‍ക്കാരും അംഗീകരിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെ തന്നെ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ശത്രുത അവസാനിപ്പിക്കുമെന്നും അതിന് ശേഷം 72 മണിക്കൂറിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുമെന്നും ഇസ്രായേല്‍ അറിയിച്ചു. മറ്റ് ബന്ദികളുടെ മൃതദേഹങ്ങളും തുടര്‍ന്ന് കൈമാറും. ഗുരുതരമായ സുരക്ഷാ കുറ്റകൃത്യങ്ങള്‍ക്ക് ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്ന 250 പേര്‍ ഉള്‍പ്പെടെ ഏകദേശം 2,000 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കും. ഇസ്രായേല്‍ സൈന്യം പുതിയ സ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങും. കൂടാതെ സഹായ വിതരണം വര്‍ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.
രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധവെറി ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ തന്നെയും ആ രാജ്യത്തോടുള്ള ലോകത്തിന്റെ അമര്‍ഷം ഈ ഭൂലോകം ഉള്ളകാലത്തോളം മാറില്ല. അത്രയും നെറികെട്ട, തുല്യതയില്ലാത്ത, മനുഷ്യമന:സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് ഇസ്രയേല്‍ പലസ്തീന്‍ ജനതയോട് കാട്ടിയത്. എല്ലാം കഴിഞ്ഞ്, എണ്ണമറ്റ പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചത്തേക്ക് പീരങ്കിയും വെടിയുണ്ടയും വര്‍ഷിച്ചു. കൊടുംക്രൂരത കാട്ടിയ ഒരു രാജ്യത്തോട് ആര്‍ക്കാണ് പൊറുക്കാന്‍ കഴിയുക? എങ്ങനെയാണ് പൊറുക്കുക?
അല്ലെങ്കിലും എങ്ങനെ പൊറുക്കാനാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം 67,000ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൊല ചെയ്യപ്പെട്ട കുട്ടികള്‍ മാത്രം 20,000ത്തിലേറെ വരും. 19,00,000 പേര്‍ പലായനം ചെയ്തു. 436,000 കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ഏതാണ്ട് 92 ശതമാനം. 460ലേറെ പേര്‍ പട്ടിണി മൂലം മരിച്ചു. ഭക്ഷണത്തിന് വരി നില്‍ക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടത് 2600 പേരാണ്. 19,000 പേര്‍ക്ക് പരിക്കേറ്റു. അടിസ്ഥാന സൗകര്യനാശം 55 മില്യണ്‍ ഡോളറിന്റേതാണ്. 125 ആസ്പത്രികളും ക്ലിനിക്കുകളും തകര്‍ന്നു.
എന്തുകൊണ്ടാണ് നെതന്യാഹു ഒടുവില്‍ ഫലവത്താകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സമാധാന കരാറിലേക്ക് എത്തിയതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് കാണുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേലിനെ ഒറ്റപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തേക്കാം. സൈനിക നീക്കം നിര്‍ത്താന്‍ വിസമ്മതിച്ചാല്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന സഖ്യകക്ഷിയുടെ പിന്തുണ നഷ്ടപ്പെടുമെന്ന് നെതന്യാഹു ഭയക്കുന്നു. മാത്രമല്ല, അമേരിക്ക എല്ലായ്‌പ്പോഴും കൂടെ ഉണ്ടാവുമെന്ന വിശ്വാസമൊന്നും നെതന്യാഹുവിന് ഇല്ല.
സമാധാന കരാറിലെ വ്യവസ്ഥകള്‍ നിലവില്‍ ഇസ്രയേലിന് അനുകൂലമാണെന്ന കണക്കുക്കൂട്ടലുകളും അദ്ദേഹത്തിനുണ്ട്.
എന്തൊക്കെയായാലും തങ്ങളുടെ ധീരമായ ചെറുത്ത് നില്‍പ്പ് നടത്തി ലോകത്ത് പുതിയൊരു ചരിത്രഗാഥ രചിക്കാന്‍ പലസ്തീന്‍ ജനതക്കും ഹമാസ് എന്ന കൂട്ടായ്മക്കും കഴിഞ്ഞു. മരിച്ചുവീണാലും തങ്ങളുടെ ഭൂമി വിട്ടുപോവില്ലെന്ന അവരുടെ ദൃഢനിശ്ചയം വിജയിച്ചുവെന്ന് തന്നെ പറയാം.
ഒന്നാംഘട്ട കരാറാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. വെടിയൊച്ച നിലച്ചു. അതൊരു വലിയ ആശ്വാസമാണ്. എന്നാല്‍ തുടര്‍ നടപടികള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം. തടവുകാരുടെ കൈമാറ്റ കാര്യത്തില്‍ ഇസ്രയേലും ഹമാസും എത്രകണ്ട് നീതി പുലര്‍ത്തുമെന്ന് വ്യക്തമല്ല. ഇസ്രയേല്‍ ഭാഗികമായ പിന്മാറ്റം എപ്പോള്‍ നടത്തുമെന്ന കാര്യവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ 20 ഇന പദ്ധതിയില്‍ പറയുന്നതുപോലെ, ഹമാസും ഗാസയിലെ അവരുടെ പോരാളികളും പൊതുമാപ്പ് സ്വീകരിക്കാനോ പ്രവാസത്തിലേക്ക് പോകാനോ സാധ്യതയില്ല. യുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഗാസയിലെ ഭരണ രൂപം, തകര്‍ന്നുപോയ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണം എന്നീ കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇവയെല്ലാം പൂര്‍ണ്ണമായി ചര്‍ച്ച ചെയ്തിട്ട് പോലുമില്ല ഇതുവരെ.