ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മുഖേന പൗരത്വമുണ്ടായിട്ടും തങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് എങ്ങനെ പുറത്താകുന്നു എന്ന വലിയ ചോദ്യം പ്രവാസിയുടെ മുന്നിലുണ്ട്? പ്രവാസികളുടെ വോട്ടവകാശം എല്ലാനിലയിലും അനിശ്ചിതത്വം നിറഞ്ഞതായിരിക്കുന്നു.
പ്രവാസികളെ പൊതുവെ നാടിന് പണം ഉല്‍പ്പാദിക്കുന്ന ഉപകരണങ്ങള്‍ മാത്രമായാണ് പലരും കാണുന്നത്. എന്നാല്‍ പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളെ വോട്ടു ബാങ്കുകളായി രാഷ്ട്രീയക്കാര്‍ക്ക് ആവശ്യമാണ്. കേരളം സാമ്പത്തികമായി നിവര്‍ന്ന് നില്‍ക്കുന്നുവെങ്കില്‍ പ്രവാസികളുടെ പണത്തിന് വലിയ പങ്കുണ്ട്. ഇടക്കൊക്കെ ഗള്‍ഫിലെത്തുന്ന ഭരണ, രാഷ്ട്രീയ നേതൃത്വം പ്രവാസികളെ പുകഴ്ത്തിപ്പറയുമെങ്കിലും അത്തരം വാക്കുകളിലെ നന്ദികേട് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതുമില്ല. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പ്രവാസി സംഘടനകളുടെ വിരുന്നുകാരാകുന്നതും ഗള്‍ഫിലെ പതിവ് കാഴ്ചയാണ്. പ്രവാസികള്‍ ഒന്നും തിരിച്ച് ലഭിക്കുമെന്ന ആഗ്രഹത്തിലോ പ്രതീക്ഷയിലോ അല്ല ഇത്തരത്തില്‍ വിരുന്നൂട്ടുന്നത്. അത് അവരുടെ വിശാല മനസ്സിന്റെ നിസ്വാര്‍ത്ഥശീലങ്ങളായതുകൊണ്ട് മാത്രം.
കേരളം വീണ്ടും വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിലേക്കാണ് പോകുന്നത്. 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3205 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാന്‍സ്‌ജെന്ററുകളും ഉള്‍പ്പെടെ മൊത്തം 2,84,30,761 വോട്ടര്‍മാരുണ്ട്. ഇവിടെ പ്രത്യേകമായി പറയേണ്ടത് പ്രവാസി വോട്ടര്‍മാരില്‍ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉള്‍പ്പെടെ 2841 വോട്ടര്‍മാരാണുള്ളത്.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ എണ്ണം ഏതാണ്ട് 50 ലക്ഷമാണെന്നാണ് കണക്ക്. എന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം കേവലം 2841 പേര്‍ക്ക് മാത്രമാണ്. വോട്ടവകാശത്തില്‍ നിന്ന് പ്രവാസി മലയാളികളെ മൊത്തത്തില്‍ ഒഴിവാക്കി. കനത്ത വിമാന നിരക്ക് നല്‍കി നാട്ടിലെത്തി വോട്ടു ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം പ്രവാസികള്‍ ഭൂരിഭാഗവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നത് നേരാണ്. എങ്കിലും വോട്ട് ചെയ്യുക എന്ന ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. അതാഗ്രഹിക്കുന്നവരാണ് പ്രവാസികള്‍.
തങ്ങള്‍ക്കും വോട്ടവകാശം വേണമെന്ന പ്രവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സുപ്രീം കോടതിക്കും കേന്ദ്രത്തിനും സംസ്ഥാനത്തിനുമെല്ലാം നിവേദനം സമര്‍പ്പിച്ച് മടുത്തവരാണ് പ്രവാസികള്‍. അതിനായി ഒട്ടേറെ നിയമപോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ഇ-തപാല്‍ വോട്ടോ, പ്രോക്‌സി വോട്ടോ പ്രവാസികള്‍ക്ക് ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കുള്ള വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു. ഇടക്കാലത്ത് പ്രോക്‌സി വോട്ടവകാശം നടപ്പാക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. 2018ലെ ലോക്‌സഭ പ്രോക്‌സി വോട്ടവകാശം പാസാക്കിയെങ്കിലും ബില്‍ രാജ്യസഭയിലെത്തിയില്ല. പ്രോക്‌സി വോട്ടവകാശം അനുവദിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയതുമാണ്. എന്നിട്ടെവിടെ പ്രോക്‌സി വോട്ടവകാശമെന്നാണ് പ്രവാസികള്‍ ചോദിക്കുന്നത്.
യു.എ.ഇയില്‍ കേന്ദ്ര, കേരള മുഖ്യമന്ത്രി, മന്ത്രിമാരും, എം.പിമാരുമെല്ലാമെത്തുമ്പോള്‍ പ്രവാസി സംഘടനകള്‍ മുടങ്ങാതെ നിവേദനം സമര്‍പ്പിക്കും. ഓരോ നിവേദനത്തിന് പിന്നിലും ഭാവിയില്‍ തങ്ങളുടെ പേര് പൗരത്വ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെടുമോയെന്ന ഭീതിയുമുണ്ട്. വിദേശ എംബസികളിലെ ജീവനക്കാര്‍ക്ക് സാധാരണയായി ഇ-തപാല്‍ വോട്ടിംഗ് സംവിധാനമുണ്ട്. അത്തരം സമ്പ്രദായം എന്തുകൊണ്ട് എല്ലാ പ്രവാസികള്‍ക്കും നടപ്പാക്കിക്കൂടായെന്നും ചോദ്യമുയരുന്നു. ഇത് സംബന്ധിച്ച് അഞ്ച് വര്‍ഷം മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ അയച്ചതാണ്. അവസാനമായി അതത് എംബസിയെങ്കിലും പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുമോയെന്നുപോലും ആരാഞ്ഞെങ്കിലും ഒന്നും ഇതുവരെ നടന്നിട്ടില്ല. ഏറ്റവുമൊടുവിലായി പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധികരുതെന്ന ആവശ്യമുന്നയിച്ച് കൊണ്ട് ഷാര്‍ജ അസോസിയേഷന്‍ കേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ലോകം മുഴുവന്‍ ഡിജിറ്റലായിട്ടും താമസിക്കുന്ന രാജ്യത്ത് നിന്ന് സ്വന്തം ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള അവകാശം എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന ആവശ്യമുന്നയിച്ച് കൊണ്ട് പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ആറുമാസത്തിലേറെ കാലം സ്വന്തം നാട്ടില്‍ നിന്ന് മാറിനിന്നാല്‍ മുമ്പ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുമായിരുന്നു. എന്നാല്‍ പ്രവാസികളുടെ നിരന്തര സമ്മര്‍ദ്ദം കാരണം 2011 മുതല്‍ പേര് പട്ടികയില്‍ പുന:സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മുഖേന പൗരത്വമുണ്ടായിട്ടും തങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് എങ്ങനെ പുറത്താകുന്നു എന്ന വലിയ ചോദ്യം പ്രവാസിയുടെ മുന്നിലുണ്ട്? പ്രവാസികളുടെ വോട്ടവകാശം എല്ലാനിലയിലും അനിശ്ചിതത്വം നിറഞ്ഞതായിരിക്കുന്നു. വിദേശത്ത് ജീവിതോപാധി തേടി എത്തിയിരിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് നാട്ടിലെത്താതെ തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം വേണമെന്ന ആവശ്യം നിലനില്‍ക്കെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് തന്നെ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ആ വഴിക്കാണ് നീങ്ങുന്നത്. നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്താന്‍ ആളുകള്‍ നെട്ടോട്ടമോടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആകെ അങ്കലാപ്പില്‍. ബി.എല്‍.ഒമാര്‍ പരമാവധി വീടുകളില്‍ ഫോറം എത്തിച്ചിട്ടുണ്ടെങ്കിലും അന്തംവിട്ടുപോവുന്നു. പ്രവാസികളുടെ വോട്ടവകാശമെന്ന ആവശ്യം തകിടം മറിക്കുന്നു. നാട്ടില്‍ കക്ഷി രാഷ്ട്രീയം പയറ്റിയ ശേഷം ഗള്‍ഫിലേക്ക് കുടിയേറിയവരില്‍ പലര്‍ക്കും ഉറക്കം വരുന്നില്ല. കേരളീയ കുടുംബങ്ങളിലെ 30 ശതമാനത്തോളം ജീവിതം പുലര്‍ത്താന്‍ ഗള്‍ഫ് പണത്തെയാണ് ആശ്രയിക്കുന്നത്. അവരുടെ പ്രശ്‌നത്തെ യഥാര്‍ത്ഥ്യ ബോധത്തോടെ ഉന്നയിക്കപ്പെടാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. ഈ വിഷയം കേരളത്തിലെ എം.പിമാര്‍ ക്രിയാത്മകമായി ഇടപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം.