കൗമാരജീവിതങ്ങളെ വരിഞ്ഞുമുറുക്കുന്ന മായിക വിപത്തുകള്‍

Update: 2025-12-03 09:51 GMT
കഷ്ടപ്പാടുകളും ദുരിതങ്ങളും വെല്ലുവിളികളും നിറഞ്ഞ പഴയകാല ജീവിതസാഹചര്യങ്ങളില്‍ നിന്നും ആധുനിക സൗകര്യങ്ങളും സുഖഭോഗാസക്തികളും നിറഞ്ഞ പുതിയ കാലത്തിലേക്ക് ജീവിത നിലവാരം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ സുഖം കണ്ടെത്താനുള്ള വഴികള്‍ തേടിയുള്ള യാത്രയാണ് കൗമാരത്തെയും യുവത്വത്തെയും ലഹരിയുടെ ചുഴികളിലേക്കെത്തിക്കുന്നത്.

കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള മായിക വിപത്തുകള്‍ കൗമാരജീവിതങ്ങളെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എവിടെയാണ് നമുക്ക് പിഴച്ചത് എന്ന് പരിശോധിക്കുന്നതോടൊപ്പം ഈ വിപത്തുകളെ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതു കൂടി ചര്‍ച്ച ചെയ്യേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമായ കാര്യമാണ്. കഷ്ടപ്പാടുകളും ദുരിതങ്ങളും വെല്ലുവിളികളും നിറഞ്ഞ പഴയകാല ജീവിതസാഹചര്യങ്ങളില്‍ നിന്നും ആധുനിക സൗകര്യങ്ങളും സുഖഭോഗാസക്തികളും നിറഞ്ഞ പുതിയ കാലത്തിലേക്ക് ജീവിത നിലവാരം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ സുഖം കണ്ടെത്താനുള്ള വഴികള്‍ തേടിയുള്ള യാത്രയാണ് കൗമാരത്തെയും യുവത്വത്തെയും ലഹരിയുടെ ചുഴികളിലേക്കെത്തിക്കുന്നത്. ഇതില്‍ക്കിടന്ന് കൈകാലിട്ടടിച്ച് ജീവിതദുരന്തത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ മുങ്ങിത്താഴുന്ന അസുഖകരമായ കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്.

വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കാരണം ലൈംഗികതക്കും മയക്കുമരുന്നിനും ഇടയില്‍ ഏതൊരു ബന്ധത്തിന്റെയും അതിരുകള്‍ മാഞ്ഞുപോകുന്നു എന്നത് തന്നെ. മയക്കുമരുന്ന് ആണും പെണ്ണും ഒരുമിച്ചോ, ആണുങ്ങളും പെണ്ണുങ്ങളും കൂട്ടമായോ ഉപയോഗിക്കുമ്പോള്‍ അവിടെ ലൈംഗികതക്കും തടസങ്ങള്‍ ഒന്നുമില്ല. രാസലഹരിയില്‍ ആറാടുന്ന അബോധമനസുകളില്‍ ഒരു ധാര്‍മ്മികമൂല്യവും സദാചാര ബോധവും കൂടുകൂട്ടില്ല എന്നത് തന്നെ അതിന് കാരണം. മയക്കുമരുന്നിന് അടിമയായ ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മതം ഇല്ലാതെ തന്നെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വിധേയയാക്കാന്‍ സാധിക്കും. നേരിയ എതിര്‍പ്പോ ചെറുത്തു നില്‍പ്പോ ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധ്യമായെന്ന് വരില്ല. ബോധമുള്ളപ്പോള്‍ വഴങ്ങാതിരുന്ന ഒരു പെണ്‍കുട്ടി ലഹരിക്ക് അടിമയാകുമ്പോള്‍ ലൈംഗികതയ്ക്ക് കീഴ്പ്പെട്ടുപോകുന്നു. ദുര്‍ബലമായി പോലും എതിര്‍ത്തുനില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത വ്യക്തിയെ അസാന്മാര്‍ഗിക പ്രവൃത്തിക്ക് ഉപയോഗിക്കുന്നതും ഒരുതരം അതിക്രമം തന്നെയാണ്. പ്രതിരോധം നേരിടാത്ത ബലപ്രയോഗമാണ് ഇവിടെ സംഭവിക്കുന്നത്.

പരസ്പര സമ്മതത്തോടെ ലഹരി ഉപയോഗിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമൂഹത്തിലുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗവും ശാരീരിക ബന്ധവും വര്‍ധിക്കുമ്പോള്‍ സംഭവിക്കുന്ന വലിയൊരു ദുരന്തമുണ്ട്. അത് എയ്ഡ്‌സ് തന്നെയാണ്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഈ മാരക വിപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരില്‍ പ്രായപൂര്‍ത്തിയായവരേക്കാള്‍ എച്ച്.ഐ.വി അണുബാധ ഉണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 15 വയസിനും 24വയസിനും ഇടയില്‍ നിരവധിപേര്‍ക്ക് എച്ച്.ഐ.വി ഉണ്ടെന്ന് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 ഏപ്രില്‍ -ഒക്ടോബര്‍ കാലയളവില്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കിടയില്‍ എച്ച്.ഐ.വി ബാധ 15.4 ശതമാനം ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇത് ഒമ്പത് ശതമാനം മാത്രമായിരുന്നു. എന്തുകൊണ്ട് കൗമാരക്കാരില്‍ എച്ച്.ഐ.വി ബാധിതര്‍ വര്‍ധിക്കുന്നുവെന്നത് പരിശോധിക്കപ്പെടേണ്ട അതീവ ഗൗരവമുള്ള വിഷയം തന്നെയാണ്. 18വയസിന് താഴെയുള്ളവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഇതിന് പ്രധാന കാരണം തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കുട്ടികളുടെ ആത്മഹത്യകള്‍ക്കും കാരണമാകുന്നു എന്നത് മാത്രമല്ല മയക്കുമരുന്ന് കൊണ്ടുള്ള ദോഷവശങ്ങള്‍. അത് നമ്മുടെ സംസ്‌കാരത്തെയും വിവേകത്തെയും മനുഷ്യത്വത്തെയും സര്‍വോപരി ധാര്‍മ്മികബോധത്തെയും ഹനിക്കുക കൂടി ചെയ്യുന്നു.

ഹോസ്റ്റലുകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും ഒക്കെ ഒത്തുകൂടുന്ന കുട്ടികള്‍ക്ക് ലഹരി ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടാകുമ്പോള്‍ വഴിവിട്ട ലൈംഗിക ജീവിതത്തിലേക്കും അത് വഴിതുറക്കുന്നുണ്ട്. യാതൊരു തരത്തിലുള്ള സുരക്ഷിതമാര്‍ഗവും സ്വീകരിക്കാതെയായിരിക്കും ഇത്തരം സാഹചര്യങ്ങളിലെ ആണ്‍-പെണ്‍ ഇടപെടലുകള്‍. അതുകൊണ്ട് എച്ച്.ഐ.വിക്ക് വിരുന്ന് വരാന്‍ ഒരു തടസവുമില്ല. കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയിലും എം.ഡി.എം.എ പോലുള്ള മയക്കുമരുന്നിന് അടിമകളാകുന്നവരുടെ എണ്ണം കൂടുതലാണ്. സെക്സ് ടൂറിസത്തിലേക്കുള്ള പാലമായി ലഹരി ഉപയോഗം മാറുമ്പോള്‍ എച്ച്.ഐ.വി പോലുള്ള ലൈംഗികരോഗങ്ങളുടെ കുത്തൊഴുക്കുണ്ടാകുന്നതില്‍ അതത്ഭുതപ്പെടാനില്ല.

ശക്തമായ മുന്‍കരുതലും ബോധവല്‍ക്കരണവും നടത്തി എയ്ഡ്‌സിനെ പിടിച്ചുകെട്ടിയ സംസ്ഥാനമാണ് കേരളം. ലഹരി മാഫിയകളുടെ വലയില്‍ പെട്ട് ഉപയോക്താക്കളും വില്‍പനക്കാരും ആയി മാറുന്നവര്‍ പുതിയ തലമുറയില്‍ പെട്ടവര്‍ ആയതിനാല്‍ എയ്ഡ്‌സിന്റെ കാര്യത്തില്‍ വീണ്ടും പ്രതിരോധവും ജാഗ്രതയും അനിവാര്യമായിരിക്കുന്നു.

മുമ്പ് പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികള്‍ക്കിടയിലുള്ള വഴിവിട്ട ബന്ധങ്ങള്‍ കാരണം ഗര്‍ഭം ധരിക്കുന്നത് തടയാന്‍ ക്ലാസ് മുറികളില്‍ ഗര്‍ഭനിരോധന ഗുളികകള്‍ വിതരണം ചെയ്ത വാര്‍ത്ത കേട്ട് നമ്മള്‍ അന്തംവിട്ടിരുന്നു. അത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിപ്പെടാതിരിക്കാനുള്ള ജാഗ്രത അനിവാര്യമായിരിക്കുന്നു. പുതിയ തലമുറയുടെ മനസില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക ബോധങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും ഇടം കുറയുകയും അരാഷ്ട്രീയവാദവും അരാജകത്വവും പിടിമുറുക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന അപചയത്തിന്റെ പഴുതിലാണ് ലഹരിയുടെ സ്വാധീനം ശക്തിപ്പെടുന്നത്.

രക്ഷിതാക്കളും സമൂഹവും നിയമവ്യവസ്ഥയും അധികാര കേന്ദ്രങ്ങളും കൗമാരജീവിതങ്ങളെ വരിഞ്ഞുമുറുക്കുന്ന വിപത്തുകളെ ഇല്ലാതാക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വവും ജാഗ്രതയും കാണിച്ചേ മതിയാകൂ.

Similar News