ഇലക്ഷന്‍ കാലം: സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പാലിക്കേണ്ട മര്യാദകള്‍

Update: 2025-12-05 10:33 GMT
ആദ്യ കാഴ്ചയില്‍ തന്നെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് മതിപ്പ് തോന്നണം. പെരുമാറ്റത്തിലെ സ്വീകാര്യത പ്രധാനമാണ്. വിനയവും എളിമയും പുലര്‍ത്തണം. തലക്കനവും അഹങ്കാരവും ആക്ഷേപ- പരിഹാസ സമീപനവുംസ്ഥാനാര്‍ത്ഥിയെ വെറുക്കുന്നതിനിടയാക്കും.

സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഭവന സന്ദര്‍ശനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിജയം ഉറപ്പാക്കാനാവും. ഒന്ന് എ.ബി.സി റൂളാണ്. എ -എന്നാല്‍ അപ്പിയറന്‍സ്, ബി- എന്നാല്‍ ബിഹേവിയര്‍ , സി- എന്നാല്‍ ക്യാരക്ടര്‍. ഇത് മൂന്നും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രധാനമാണ്. ഉടുപ്പിലും നടപ്പിലും വെടിപ്പ് വേണം. സ്ത്രീകളായിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ സാരി ഉടുക്കുന്നതാണ് കൂടുതല്‍ നല്ലത്. പുരുഷന്മാര്‍ക്ക് മുണ്ട്, ഷര്‍ട്ട് വേഷമാണ് ഉചിതം. മുണ്ട് മടക്കിക്കുത്തരുത്.അവ വൃത്തിയുള്ളതും ചേരുന്നതുമാകണം. 'First impression is the best Impression' എന്നാണ് ചൊല്ല്.

ആദ്യ കാഴ്ചയില്‍ തന്നെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് മതിപ്പ് തോന്നണം. പെരുമാറ്റത്തിലെ സ്വീകാര്യത പ്രധാനമാണ്. വിനയവും എളിമയും പുലര്‍ത്തണം. തലക്കനവും അഹങ്കാരവും ആക്ഷേപ- പരിഹാസ സമീപനവും സ്ഥാനാര്‍ത്ഥിയെ വെറുക്കുന്നതിനിടയാക്കും.

സംഭാഷണത്തില്‍ ശ്രദ്ധിക്കേണ്ട അഞ്ച് ഘടകങ്ങള്‍ ഉണ്ട്. 1. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, 2. സൗഹാര്‍ദ്ദ സമീപനം, 3. സംഭാഷണത്തില്‍ ആദരവ്, 4. ലളിതമായ ഭാഷ, 5. ക്ഷമ -ഇവ സംഭാഷണത്തില്‍ ഉണ്ടാകണം. ഏറ്റവും വിലയേറിയ വസ്തു നാവാണ്; ഏറ്റവും വില കുറഞ്ഞ വസ്തുവും നാവാണ്. സൂക്ഷിച്ച് ഉപയോഗിക്കുക. 'സംസാരം വെള്ളിയാണ്; മൗനമോ സ്വര്‍ണ്ണവും.' ചില സന്ദര്‍ഭങ്ങളില്‍ മൗനമാണ് ഗുണം ചെയ്യുക. വാക്ക് ഊര്‍ജ്ജമാണ്. വാക്ക് വളര്‍ത്തും. വാക്ക് ഉയര്‍ത്തും. അത്തരം വാക്കേ പറയാവു.

വിവിധ സ്വഭാവക്കാരെയും വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവരെയും കണ്ടുമുട്ടും. പലരും രാഷ്ട്രീയ ജ്വരത്താലും പ്രവര്‍ത്തന തിരക്കില്‍പെട്ടും ശരിയായ ഉറക്കം കിട്ടാതെ ഇരിക്കുന്നതിനാലും പെട്ടെന്ന് ചൂടായി പ്രതികരിക്കാന്‍ ഇടയുണ്ട്. അതിനാല്‍ രുമായും തര്‍ക്കിക്കരുത്. പ്രകോപിപ്പിക്കുകയും അരുത്. അതേ നാണയത്തില്‍ തിരിച്ചടിക്കാനും മുതിരരുത്. നയം, മയം, വയം എന്നിവയാണ് ഇലക്ഷന്‍ സമയത്ത് പ്രയോജനകരമാവുക.

സ്ഥാനാര്‍ത്ഥി മറ്റ് സ്ഥാനാര്‍ത്ഥികളെ, ഒരിക്കലും താഴ്ത്തിക്കെട്ടി സംസാരിക്കരുത്. വ്യക്തിപരമോ കുടുംബപരമോ ആയ ആക്ഷേപം നടത്തരുത്.

ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം എന്നിവ സംബന്ധിച്ചോ, ഭിന്നശേഷി, ജെന്‍ഡര്‍ എന്നിവയെക്കുറിച്ചോ മോശം പരാമര്‍ശം നടത്തരുത്.

ഗേറ്റ് തുറന്ന് പ്രവേശിക്കും മുമ്പ് നായയെ അഴിച്ചു വിട്ടിരിക്കുകയാണോ എന്ന് നോക്കണം. 'നായ ഉണ്ട്, സൂക്ഷിക്കുക' എന്ന ബോര്‍ഡ് ഗേറ്റില്‍ ഉണ്ടെങ്കില്‍ നായയെ അഴിച്ചുവിട്ടിരിക്കാനാണ് സാധ്യത. ഗേറ്റ് തുറക്കുമ്പോള്‍ തന്നെ കയ്യില്‍ കടിക്കാനും സാധ്യതയുണ്ട്. അത്തരം വീടുകളില്‍ വീട്ടുകാര്‍ വരും വരെ കാത്തു നില്‍ക്കുക. പലയിടത്തും സ്ഥാനാര്‍ത്ഥിയെ നായ കടിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രത്യേകം സൂക്ഷിക്കുക.

ഗേറ്റ് തുറന്ന് കയറിയ ശേഷം തിരികെ പോരുമ്പോള്‍ ഗേറ്റ് അടച്ച് കൊളുത്ത് ഇടാന്‍ മറക്കരുത്.

സിറ്റിയില്‍ ഗേറ്റ് തുറന്ന് കിടന്നാല്‍ അപകടങ്ങള്‍ ഉണ്ട്. ഗേറ്റ് തുറന്നിട്ട് പോകുന്നവര്‍ക്ക് വോട്ട് ലഭിക്കുകയുമില്ല. മുറ്റത്ത് നിന്ന് സംസാരിച്ചാലും മതി. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ നിര്‍ബന്ധിച്ചാല്‍ മാത്രമേ അകത്ത് കയറാവൂ. അമിത അടുപ്പം കാണിച്ച് അടുക്കള വരെ പോകുന്നതും ആഹാരം രുചിച്ച് നോക്കുന്നതും ആര്‍ക്കും ഇഷ്ടപെടില്ല.

മാന്യമായ അകലം നല്ലതാണ്. വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കാതിരിക്കുകയാവും ഭംഗി.

കോളിംഗ് ബെല്‍ ഒരു തവണ മാത്രം അടിക്കുക. കാണുന്നില്ലെങ്കില്‍ ജനല്‍ തുറന്നുനോക്കുക, പുറക് വശത്ത് പോയി നോക്കുക എന്നിവ പാടില്ല. ആളില്ലാത്ത വീടുകള്‍ കുറിച്ച് വെച്ച് പിന്നീട് ആളുള്ളപ്പോള്‍ പോകുന്നതാകും ഉചിതം. നോട്ടീസ്, അഭ്യര്‍ത്ഥന എന്നിവ ലെറ്റര്‍ ബോക്‌സില്‍ ഇടാം. മുന്‍വശത്ത് വെച്ചിട്ട് പോകാം.

വീടുകളിലെ ചെടി പറിച്ചെടുക്കുക, ഒടിച്ചെടുക്കുക, പൂ പറിക്കുക, പേരയ്ക്ക, ചാമ്പയ്ക്ക തുടങ്ങിയ കായ്കനികള്‍ പറിച്ചെടുത്ത് ഭക്ഷിക്കുക എന്നിവ പാടില്ല. നിങ്ങളുടെ പ്രവര്‍ത്തനവും സംസാരവുമെല്ലാം ആ വീട്ടിലെയോ, ചുറ്റുവട്ടത്തുള്ളതോ ആയ സി.സി.ടി.വിയില്‍ പതിയുന്നുണ്ടെന്ന് ഓര്‍മ്മവേണം.

ഉച്ചയുറക്കത്തിന്റെ സമയത്തും സന്ധ്യാവേളയിലെ പ്രാര്‍ത്ഥനാ വേളയിലും വീടുകളില്‍ വോട്ട് ചോദിച്ച് പോകാതിരിക്കുക. അതിരാവിലെ മുതിര്‍ന്നവര്‍ ജോലിക്കു പോകാനും കുട്ടികളെ സ്‌കൂളില്‍ അയക്കാനുള്ള തിരക്കിലായിരിക്കും. ആ സമയത്തെ ഭവനസന്ദര്‍ശനവും ഒഴിവാക്കാം.

കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ക്ഷമയും അറിവും കാഴ്ചപ്പാടും സേവനമനോഭാവവും രാഷ്ട്രീയ നിലപാടും ഒക്കെ വിജയത്തെ സ്വാധീനിക്കുന്നതോടൊപ്പം പെരുമാറ്റ മര്യാദകളും വിജയത്തിനെ ബാധിക്കും.

(അഭിഭാഷകനും ട്രെയിനറും മെന്ററുമായ ലേഖകന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്.)

Similar News