ഫാറൂഖ് കോളേജില്‍ മിന്നിത്തിളങ്ങുന്നു ഈ കാസര്‍കോട്ടുകാരി

Update: 2025-12-06 10:53 GMT
ഫാറൂഖ് കോളേജില്‍ മിന്നുംതാരമായി തിളങ്ങുകയാണ് കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ മിന്നുംതാരമായി തിളങ്ങുകയാണ് കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സംഘാടനത്തിലും കലാരംഗത്തുമൊക്കെ ഈ മിടുക്കിയുണ്ട്. തളങ്കര ബാങ്കോട് സീനത്ത് നഗര്‍ സി.എച്ച് മുഹമ്മദ് കോയ റോഡിലെ നാഫിയ അബ്ദുല്ല.

ഫാറൂഖ് കോളേജില്‍ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് നാഫിയ. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയാണ് നാഫിയ ഡിഗ്രിക്ക് കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളിലൊന്നായ ഫാറൂഖ് കോളേജ് തിരഞ്ഞെടുത്തത്.

ഒന്നാം വര്‍ഷം ക്ലാസിലെ ടോപ്പ് സ്‌കോററായിരുന്നു. പഠനത്തിലെ മിടുക്കിനിടയില്‍ തന്നെ തന്നിലൊളിഞ്ഞിരിക്കുന്ന കലാവാസനകളെ പുറത്തെടുക്കാനും മികവോടെ അവതരിപ്പിക്കാനും നാഫിയ മറന്നില്ല. കവിതകള്‍ എഴുതുകയും അധ്യാപകരുടെയടക്കം പ്രശംസ നേടുകയും ചെയ്തു. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ സ്‌കിറ്റില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. മറ്റു പലയിനങ്ങളിലും തന്റെ കഴിവ് പ്രകടമാക്കി. വലിയ സൗഹൃദങ്ങളുള്ള, ആരുമായും എളുപ്പം ഇടപഴകുന്ന നാഫിയ സംഘാടന രംഗത്തും മികവ് കാട്ടുമെന്ന അധ്യാപകരുടെ പ്രതീക്ഷ വെറുതെയായില്ല. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് കോളേജ് യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായും നാഫിയയെ കൂട്ടുകാര്‍ തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോള്‍ ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോവുന്നതിന്റെ തിരക്കിലായിരുന്നു നാഫിയ. അവിടെ ജാഫ്‌നയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ സംബന്ധിക്കാനാണ് യാത്ര. സകല രംഗങ്ങളിലും മികവ് തെളിയിച്ചുകൊണ്ടുള്ള നാഫിയയുടെ പ്രയാണം സഹപാഠികളിലൊക്കെ വലിയ ആവേശമാണ് പകര്‍ന്നിട്ടുള്ളത്. സി.എച്ച് മുഹമ്മദ് കോയ റോഡിലെ അബ്ദുല്ലയുടെയും നസ്രിയയുടെയും മകളാണ്.

Similar News