'തീപിടിച്ച ഗാസ; ചെന്തീ കെടുത്തുവാനാരുമില്ലേ?'
ഗാസ കത്തുമ്പോഴും ലോകം വളരെ പതുക്കെ മാത്രം പ്രതികരിക്കുകയോ നിസ്സംഗമായി നോക്കി നില്‍ക്കുകയോ ചെയ്യുന്നു എന്നതാണ് ഇതിലെ ഏറ്റവും വേദനാജനകമായ കാര്യം.
അര നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട ഉത്തര മലബാറിലെ മഹാകവികളിലൊരാളായ ടി. ഉബൈദിന്റെ പ്രസിദ്ധമായ ഒരു കവിതയുണ്ട്. 'തീ പിടിച്ച പള്ളി' എന്നാണാ കവിതയുടെ പേര്.
അതില്‍ കവി ഒരിടത്ത് ചോദിക്കുന്നുണ്ട്.
'ചെന്തീ കെടുത്തുവാനാരുമില്ലേ?'
ഇതില്‍ കവി കെടുത്താനാവശ്യപ്പെടുന്ന ചെന്തീ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നചിന്തയും ഗവേഷണവും നിര്‍വഹിക്കുന്ന ശ്രദ്ധേയമായ ഒരു പുസ്തകം കഴിഞ്ഞ ദിവസം കാസര്‍കോട്ട് പ്രകാശിതമായിട്ടുണ്ട്.
പുസ്തകത്തിന്റെ പേര് 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതയിലും' എന്നാണ്. പുസ്തക രചയിതാവ് കാസര്‍കോട്ടെ പ്രമുഖ സീനിയര്‍ അഡ്വക്കേറ്റും സാഹിത്യകാരനുമായ ബി.എഫ്. അബ്ദുറഹിമാനാണ്. പുസ്തക പ്രസാധനം നിര്‍വഹിച്ചത് ഉത്തരദേശം പബ്ലിഷേഴ്‌സ് ആണ്. കാസര്‍കോട്ടെ സിറ്റി ടവര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ സദസ്സില്‍ വെച്ച് ഈ പുസ്തകം പ്രകാശനം നിര്‍വഹിച്ചത് പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റിലാണ്. പുസ്തകത്തിന് ശ്രദ്ധേയമായ അവതാരികയെഴുതിയതും ഫൈസല്‍ എളേറ്റില്‍ തന്നെ. പ്രമുഖ ചിന്തകനും പ്രഭാഷകനുമായ അസീസ് തരുവണയാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഉബൈദ് അനുസ്മരണ പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനായ റഹ്മാന്‍ തായലങ്ങാടിയാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഉബൈദിന്റെ കവിതകളെക്കുറിച്ചും 'തീപിടച്ച പള്ളി'യെക്കുറിച്ചും വിശദമായി അറിയാന്‍ പ്രകാശിതമായ മേല്‍ പുസ്തകം സഹൃദയരായ വായനക്കാര്‍ക്ക് വാങ്ങി വായിക്കാവുന്നതാണ്.
ഇനി ഈ കുറിപ്പിന്റെ തലവാചക വിഷയത്തിലേക്ക് വരാം:
ഉബൈദിന്റെ 'തീപിടിച്ച പള്ളി'ക്ക് സമകാലത്തും വായനയുടെ പാഠഭേദങ്ങളും പ്രസക്തിയുമുണ്ട് എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് മേല്‍ പുസ്തക പ്രകാശനത്തെ ഈ വിധം വിവരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടു മാത്രമല്ല, വര്‍ഷങ്ങളേറെയായി ഗാസ കത്തുകയാണ്! അല്ല, ചില ദുഷ്ടമനസ്‌കര്‍ ആ ജനസാന്ദ്ര നഗരത്തെ കത്തിക്കുകയാണ്. ഗാസ കത്തുമ്പോഴും ലോകം വളരെ പതുക്കെ മാത്രം പ്രതികരിക്കുകയോ നിസ്സംഗമായി നോക്കി നില്‍ക്കുകയോ ചെയ്യുന്നു എന്നതാണ് ഇതിലെ ഏറ്റവും വേദനാജനകമായ കാര്യം.
ഗാസ കത്തിത്തുടങ്ങിയത് ചിലര്‍ പറയുന്നത് പോലെയോ കരുതുന്നത് പോലെയോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെയോ 2023 ഒക്ടോബര്‍ 7 മുതലൊന്നുമല്ല. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടക്കം 75,000 പേരെ സയണിസ്റ്റ് ഭീകരന്മാര്‍ നിഷ്ഠൂരമായി കൊന്നൊടുക്കിയത് പുതിയ സംഭവവുമല്ല. 2014 ജൂലൈ 7നും ഇതേ പോലെ ഇസ്രായില്‍ ഭീകര രാഷ്ട്രം ഫലസ്തീനികളെ അത്യാധുനിക ആയുധങ്ങള്‍ കൊണ്ട് തീമഴ വര്‍ഷിച്ച് ഗാസയെ കത്തിക്കാന്‍ ശ്രമിച്ചിരുന്നു. അതും കുറെ ദിവസങ്ങള്‍ നീണ്ടുനിന്നിരുന്നു. അന്ന് 1600 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 10,000 ത്തിലധികം പേര്‍ക്ക് മാരകമായി പരിക്കേറ്റു. നിരപരാധരും നിസ്സഹായരുമായ, സത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള പച്ച മനുഷ്യരെ ഈ വിധം കൊല്ലുമ്പോള്‍, തീമഴ വര്‍ഷിച്ച് കത്തിക്കുമ്പോള്‍ ഈ ചെന്തീയണക്കാന്‍ ആരുമില്ലേ എന്ന് നിവര്‍ന്ന് നിന്ന് ചോദിക്കാന്‍ ലോകത്ത് അധികമൊന്നും ആളുകളെ കാണുന്നില്ല എന്നതാണ്, ഭരണകൂടങ്ങളെയും അറബി തമ്പുരാക്കന്മാരെപ്പോലും അധികമൊന്നും കാണുന്നില്ല എന്നതാണ് നമ്മുടെ കാലം നേരിടുന്ന ഭയാനകമായ വലിയ ഭീഷണി. മഹാകവി. ടി. ഉബൈദ് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹമെഴുതുന്ന ഏറ്റവും തീഷ്ണമായ കവിത ഗാസയെ സംബന്ധിച്ചാവും എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ ഒരു രണ്ട് വരി ഇപ്രകാരമായിരിക്കും:
'ഗാസ കത്തുന്നു!' 'ചെന്തീയണക്കാനാരുമില്ലേ?'
അനുബന്ധം: പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍. ഈയിടെ ഒരു പ്രസംഗത്തില്‍ പറയുന്നത് കേട്ടു:
ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ പാര്‍ട്ടി പത്രത്തില്‍ 'ഗാസ കത്തുന്നു..' എന്ന പേരില്‍ ലേഖന പരമ്പര തന്നെ അദ്ദേഹത്തിന്റെ വക വന്നിട്ടുണ്ടാകും..