മക്കളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. അവരില്‍ പൂര്‍ണ്ണ വിശ്വാസമാണ് തങ്ങള്‍ക്ക് എന്ന് അവരെ ബോധവാന്മാരാക്കിയാല്‍ തന്നെ തെറ്റുകളിലേക്ക് നീങ്ങാന്‍ കുട്ടികള്‍ മടിക്കും.
അണുകുടുംബങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന കുട്ടികളുടെ മാനസികാവസ്ഥ അപകടകരമായ രീതിയിലേക്ക് നീങ്ങുകയാണ്. മാതാപിതാക്കള്‍ ജോലിഭാരവും വീട്ടുകാര്യങ്ങളുമായി മറ്റൊരു ലോകത്തിലൊതുങ്ങുമ്പോള്‍ കുട്ടികള്‍ക്ക് കൂട്ടായി ഇന്റര്‍നെറ്റും മൊബൈല്‍ഫോണുകളും മാത്രമാകുന്നു. ഇതുവഴി ലഭിക്കുന്ന ചില സുഹൃത്തുക്കളാകട്ടെ നിര്‍ഭാഗ്യവശാല്‍ അവരെ പടുകുഴിയിലേക്ക് നയിക്കുന്നവരും.
അധ്യാപക ദമ്പതികളുടെ ഏക മകനായ ശിവന്‍ ശരാശരി ബുദ്ധിമാനാണ്. എസ്.എസ്.എല്‍.സി മിനിമം മാര്‍ക്കോടെയാണ് അവന്‍ ജയിച്ചത്. അവന്റെ എതിര്‍പ്പ് വകവെക്കാതെ അച്ഛന്റെ പിടിവാശിയില്‍ ഒരു പാരലല്‍ കോളേജില്‍ സയന്‍സ് ഗ്രൂപ്പിനാണ് ചേര്‍ത്തത്. മകന്റെ ഭാവി ഭദ്രമായി കാണാനുള്ള അച്ഛന്റെ മോഹം കാരണമായിരുന്നു അത്. പക്ഷേ പഠനത്തോടുള്ള വെറുപ്പ് അവനെ നിരാശനാക്കി. എപ്പോഴും തിരക്കിട്ടോടുന്ന അച്ഛനമ്മമാര്‍ക്ക് അവനോട് സംസാരിക്കുവാനോ അവന്റെ വിഷമവും പ്രശ്‌നങ്ങളും മനസ്സിലാക്കാനോ സമയമില്ലായിരുന്നു. വീട്ടില്‍ തനിച്ചാകുന്ന നേരങ്ങളില്‍ ഇന്റര്‍നെറ്റിലൂടെ അവന്‍ എത്തിപ്പെട്ടത് സെക്‌സിന്റെ മാസ്മരിക ലോകത്തേക്ക് ആയിരുന്നു.
മൊബൈല്‍ഫോണില്‍ സ്ത്രീകളുടെ നമ്പര്‍ തേടിപ്പിടിച്ച് അശ്ലീല സംഭാഷണം നടത്താനാണ് അവന്‍ മുതിര്‍ന്നത്. ഇടയില്‍ അവന്‍ അറിയാതെ ഫോണിലൂടെ അനാവശ്യം പറയാന്‍ മുതിര്‍ന്നത് അമ്മയുടെ കൂട്ടുകാരിയോടാണ്. തന്നോളം പ്രായമുള്ള സഹപ്രവര്‍ത്തക മകന്റെ രഹസ്യലീലകളെ കുറിച്ച് തെളിവുകള്‍ സഹിതം വെളിപ്പെടുത്തിയപ്പോഴാണ് അവരുടെ കണ്ണുകള്‍ തുറന്നത്. സ്‌നേഹിച്ചും ലാളിച്ചും വളര്‍ത്തുന്ന മകനെ താന്‍ അറിയാതെ പോയല്ലോ എന്നവര്‍ സങ്കടപ്പെട്ടു. അവനെ ശാസിക്കാനോ ശിക്ഷിക്കാനോ മുതിരാതെ മകന്റെ മനസ്സിലെ മുറിഞ്ഞുപോയ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആണ് വിവേകിയായ അമ്മ ശ്രമിച്ചത്. ശിവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് അമ്മയാണ്.
സ്‌കൂളിലെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും മകനോട് സംസാരിക്കാനും അവന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനും അവര്‍ സമയം കണ്ടെത്തി. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് പ്രത്യേകമായി ട്യൂഷന്‍ ഏര്‍പ്പെടുത്തി. ശിവന്‍ ഇന്ന് ക്ലാസിലെ മിടുക്കനായ കുട്ടിയാണ്. അവന്റെ മുഖം സദാപ്രസന്നമാണ്.
തത്സമയം കൂട്ടുകാരിയുടെ മുന്നറിയിപ്പ് ഇല്ലായിരുന്നെങ്കില്‍ അമ്മയ്ക്ക് മകനെ നഷ്ടപ്പെടുമായിരുന്നു. മക്കളെ അറിയാത്ത അമ്മമാരാണ് ഇന്ന് ഏറെയും. കൗമാരത്തിലേക്ക് കടക്കുന്ന മക്കളുടെ മനസ്സിലേക്ക് എളുപ്പം കടന്നുചെല്ലാന്‍ ആകുന്നത് അമ്മയ്ക്ക് മാത്രമാണ്. ബാങ്ക് ഡെപ്പോസിറ്റ് കൂട്ടാനും മക്കളെ ഏത് വിധേനയും എഞ്ചിനീയറോ ഡോക്ടറോ ഐ.ടി മേഖലയിലെ പണംവാരുന്ന യന്ത്രങ്ങള്‍ ആക്കുവാനോ നോമ്പ് നോറ്റുനടക്കുന്ന മാതാപിതാക്കള്‍ വഴിതെറ്റുന്ന കുഞ്ഞുമനസ്സുകളെ കുറിച്ച് ബോധവാന്മാരാകുന്നില്ല. അവരുടെ വേദനകളോ ആവലാതികളോ കുരുന്നു മോഹങ്ങളോ കാണുന്നില്ല. മക്കളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. അവരില്‍ പൂര്‍ണ്ണ വിശ്വാസമാണ് തങ്ങള്‍ക്ക് എന്ന് അവരെ ബോധവാന്മാരാക്കിയാല്‍ തന്നെ തെറ്റുകളിലേക്ക് നീങ്ങാന്‍ കുട്ടികള്‍ മടിക്കും. ബാല്യത്തില്‍ തന്നെ നന്മ-തിന്മകളെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാക്കാന്‍ അമ്മമാര്‍ പരിശീലിപ്പിക്കണം.