ഗാനഗന്ധര്‍വ്വന്‍ ആശുപത്രിയിലെന്ന് പ്രചാരണം;യേശുദാസ് ആരോഗ്യവാന്‍: വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം
ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം രംഗത്ത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.
ഇതോടെയാണ് കുടുംബം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത്. യേശുദാസ് അമേരിക്കയിലാണുള്ളതെന്നും ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും മകനും ഗായകനുമായ വിജയ് യേശുദാസ് പറഞ്ഞു. ഇത്തരമൊരു വാര്‍ത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും കുടുംബം പ്രതികരിച്ചു. ആശുപത്രിവൃത്തങ്ങളും വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസില്‍ കഴിയുകയാണ്. കോവിഡ് കാലത്തിനുശേഷം യേശുദാസ് ഇന്ത്യയിലേക്ക് വന്നിട്ടില്ല. എല്ലാവര്‍ഷവും ജനുവരി 10ന് തന്റെ പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുള്ള യേശുദാസ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതേതുടര്‍ന്ന് എത്താറില്ല. അദ്ദേഹത്തിന്റെ ശിഷ്യരും ആരാധകരുമെല്ലാം പതിവുപോലെ ക്ഷേത്രത്തിലെത്തി കച്ചേരി അവതരിപ്പിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്.
ഇത്തവണ ഗാനഗന്ധര്‍വന്റെ 85ാം പിറന്നാളായിരുന്നു. അത് അദ്ദേഹം അമേരിക്കയിലെ വീട്ടില്‍ ആഘോഷിച്ചു. ഇപ്പോഴും വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് ഗായകന്‍. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിച്ചിരുന്നു.
സിനിമാ ചിത്രീകരണത്തിനും മറ്റും അമേരിക്കയില്‍ എത്തുമ്പോള്‍ നടന്‍മാര്‍ അടക്കമുള്ളവര്‍ യേശുദാസിനെ വീട്ടിലെത്തി കാണാറുണ്ട്.