ലഹരി ഉപയോഗം; ഡി.ജി.പിയുടെ പേരില്‍ വ്യാജ സന്ദേശം; മുന്നറിയിപ്പുമായി പൊലീസ്

Update: 2025-03-07 10:26 GMT

സംസ്ഥാനത്ത് ലഹരിയെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണവും പരിശോധനകളും സജീവമാകുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു വ്യാജ സന്ദേശവും കൂടി പ്രചരിക്കുന്നുണ്ട്. ലഹരി വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച പരാതികള്‍ ഡിജിപിയെ നേരിട്ട് അറിയിക്കാം എന്ന രീതിയില്‍ ആണ് പ്രചാരണം. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബിന്റെ ചിത്രം സഹിതമാണ് പ്രചാരണം.

'കേരള പൊലീസ് നിങ്ങള്‍ക്കൊപ്പമുണ്ട്, ലഹരി ഉപയോഗം പരാതി അറിയിക്കാന്‍ മറക്കരുത്' എന്ന് തുടങ്ങിയ ഡിജിപിയുടെ ചിത്രങ്ങള്‍ സഹിതം തയാറാക്കി പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കേരള പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ജനങ്ങള്‍ക്ക് നേരിട്ട് ഡിജിപിയോട് പരാതിപ്പെടാം എന്നൊരു അറിയിപ്പ് വാട്സാപ്പ് സന്ദേശങ്ങളായും സമൂഹമാധ്യമ പോസ്റ്റുകളായും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരിട്ട് വിളിച്ചോ വാട്സാപ്പ് വഴി സന്ദേശമയച്ചോ പരാതികള്‍ നല്‍കാനുള്ള ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ വ്യാജസന്ദേശത്തിലുള്ള നമ്പറുകള്‍ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പൊലീസ് നല്‍കിയ നമ്പറുകളല്ലെന്ന് കേരള പൊലീസ് വിശദമാക്കി.

മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിനെ വിവരം അറിയിക്കാന്‍ യഥാര്‍ഥത്തില്‍ ഒരു നമ്പറുണ്ട്- 9995966666. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി സംസ്ഥാന പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയതാണ് ഈ നമ്പര്‍. ഇതിലേക്ക് വിവരങ്ങള്‍ വാട്സാപ്പ് ചെയ്യാവുന്നതാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ നിര്‍മിക്കുന്നതും ഷെയര്‍ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

Similar News