കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ചുവോ? പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം അറിയാം

Update: 2025-03-16 13:59 GMT

കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമായ ടി.എന്‍. പ്രതാപനുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെടുത്തിയുള്ളതാണ് പോസ്റ്റ്. ടി.എന്‍. പ്രതാപന്‍ ആറ്റുകാല്‍ പൊങ്കാലയെ അധിക്ഷേപിച്ചുവെന്നാണ് പോസ്റ്റിലെ ഉള്ളടക്കം.

ടി.എന്‍. പ്രതാപന്റെ ചിത്രവും അതിന് മുകളിലായി ആറ്റുകാല്‍ പൊങ്കാല മീന്‍കറിയും കപ്പയും കൂട്ടി കഴിച്ചാല്‍ ആകാശമിടിഞ്ഞ് വീഴുമോ എന്നുമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ ഇതേ ചിത്രം തന്നെ കഴിഞ്ഞ വര്‍ഷവും പ്രചരിച്ചിരുന്നതായി കണ്ടെത്തി. 2024 ഫെബ്രുവരി 28-ല്‍ ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് പ്രചരിച്ചത്.

അന്ന് പ്രതാപന്‍ ലോക്‌സഭാ എം.പിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു വിവാദ പരാമര്‍ശം ഉണ്ടായിരുന്നെങ്കില്‍ അത് ചൂടുള്ള വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ പ്രതാപന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായുള്ള റിപ്പോര്‍ട്ടുകളൊന്നും തന്നെ ഒരു മാധ്യമങ്ങളും അന്ന് നല്‍കിയിട്ടില്ല.

ടി.എന്‍ പ്രതാപന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാജസന്ദേശമാണെന്നും മുന്‍വര്‍ഷവും സമാന പ്രചാരണം നടന്നതായും അറിയിച്ചു.


 



 


Similar News