ഈ ശീലങ്ങള്‍ പിന്തുടരാം, ജീവിത ശൈലി തന്നെ അടിമുടി മാറും

Update: 2025-02-07 09:43 GMT

ഒരു വ്യക്തിയെ നല്ലവനാക്കുന്നതും ചീത്തയാക്കുന്നതും അയാള്‍ പിന്തുടരുന്ന ശീലങ്ങളാണ്. നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് ദൃഢനിശ്ചയം എടുത്ത ഒരാള്‍ക്ക് തീര്‍ച്ചയായും അത് പിന്തുടരാന്‍ കഴിയും. പഠന കാര്യങ്ങളില്‍ ആയാലും മറ്റ് മേഖലകളില്‍ ആയാലും ഉയരാന്‍ ഇത് മാത്രം മതി. ജീവിതം മാറ്റാനായി നമ്മള്‍ പിന്തുടരുന്ന ശീലങ്ങള്‍ ചെറുതായി ഒന്നു മാറ്റിയാല്‍ മതിയാകും. ഇത്തരത്തില്‍ ജീവിതം തന്നെ അടിമുടി മാറ്റാന്‍ സഹായിക്കുന്ന ചില ശീലങ്ങളെ കുറിച്ച് അറിയാം

1. ദിവസവും പുസ്തകങ്ങള്‍ വായിക്കാം

അറിവിന്റെ ഖനിയാണ് പുസ്തകങ്ങള്‍. വായനാശീലം വര്‍ധിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഒഴിവു വേളകളില്‍ പുസ്തക വായന നല്ലതാണ്. ഇതിലൂടെ വിലപ്പെട്ട പല അറിവുകളും നമുക്ക് ലഭിക്കും. ദിവസവും കുറച്ചു സമയം പുസ്തക വായനയ്ക്കായി മാറ്റിവയ്ക്കാം. നല്ല പുസ്തകങ്ങള്‍ തന്നെ ഇതിനായി തിരഞ്ഞെടുക്കാം.

2. സമയം ഫലപ്രദമായി വിനിയോഗിക്കാം

പഠനത്തിലായാലും ജോലിയിലായാലും അനാവശ്യമായി സമയം പാഴാക്കുന്നത് നല്ലതല്ല. ഉല്‍പാദനക്ഷമമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണം. ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ അന്ന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം. അതിന് അനുസരിച്ച് പഠനത്തിനും കായികക്ഷമതയ്ക്കും നെറ്റ് വര്‍ക്കിങ്ങിനുമൊക്കെയുള്ള സമയം നീക്കിവയ്ക്കണം.

ഇക്കാലത്തെ കുട്ടികള്‍ അധികവും സമൂഹ മാധ്യമങ്ങളിലാണ് കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. അത്തരം ശീലങ്ങള്‍ നിയന്ത്രിക്കണം. കാര്യക്ഷമമായി ജോലികള്‍ തീര്‍ക്കാനും സമയം വിനിയോഗിക്കാനും 30 മിനിറ്റ് ജോലി ചെയ്ത് അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുന്ന പൊമൊഡോറോ പോലുള്ള ടെക്നിക്കുകള്‍ നടപ്പിലാക്കാം.

3. പണം ബുദ്ധിപരമായി നിക്ഷേപിക്കാം

നിങ്ങള്‍ എത്രമാത്രം പണം ഉണ്ടാക്കുന്നു എന്നതിലല്ല മറിച്ച് ഈ പണം നല്ലരീതിയില്‍ എങ്ങനെ നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം. ചിലര്‍ക്ക് അനാവശ്യ സാധനങ്ങള്‍ വാങ്ങി പണം ചെലവഴിക്കുന്നത് ശീലമാണ്. അത്തരം ശീലങ്ങള്‍ നിര്‍ത്തി കൂടുതല്‍ പണം നേടിത്തരുന്ന സേവിംഗ്‌സ് മേഖലകളില്‍ നിക്ഷേപം നടത്തുക.

4. ഭാവിക്കായി സ്വയം നിക്ഷേപം നടത്താം

സ്വന്തം വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി പണവും സമയവും ചിലവഴിക്കുന്നതില്‍ തെറ്റില്ല. പുസ്തകങ്ങള്‍ വാങ്ങുക, മെച്ചപ്പെട്ട കോഴ്സുകള്‍ പഠിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല. വിജ്ഞാനപ്രദമായ സെമിനാറുകള്‍, ശില്‍പശാലകള്‍, പബ്ലിക് സ്പീക്കിങ് കോഴ്സുകള്‍, ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുന്ന പരിശീലനങ്ങള്‍ എന്നിങ്ങനെ ഭാവിയില്‍ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങളില്‍ നിക്ഷേപം നടത്തണം.

Similar News