'വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ് സിഡികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി'

Update: 2025-02-27 11:45 GMT

വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ് സിഡികള്‍ ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി കൈമാറുന്നതിനുള്ള സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടിസ്ഥാനമാക്കിയുള്ള സബ് സിഡി സംവിധാനത്തെ, വിദ്യാഭ്യാസ വായ്പയ്ക്കുള്ള ഏകീകൃത പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം സര്‍ക്കാര്‍ വികസിപ്പിച്ചെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പദ്ധതി പ്രാവര്‍ത്തികമായാല്‍ അപേക്ഷ സമര്‍പ്പിക്കല്‍, വായ്പ ട്രാക്കിംഗ്, സബ് സിഡി ക്ലെയിമുകള്‍ എന്നിവ പോര്‍ട്ടല്‍ വഴി ലഭ്യമാകും. ഉദാഹരണത്തിന് പദ്ധതി നടപ്പാക്കി കഴിഞ്ഞാല്‍ പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി പ്രകാരം വായ്പ സബ് സിഡി ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയുടെ വാലറ്റിലേക്ക് പലിശ സബ്വെന്‍ഷന്‍ തുക ക്രെഡിറ്റ് ചെയ്യും.

വായ്പ തിരിച്ചടവ് സമയത്ത് ഇത് റിഡീം ചെയ്യാം. പലിശ ഇളവ് തുക വിദ്യാഭ്യാസ വായ്പ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഗുണഭോക്കാളായ വിദ്യാര്‍ത്ഥികള്‍ വാലറ്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. കൂടാതെ ഈ വാലറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇരട്ട അക്കൗണ്ടുകള്‍ ഇല്ലാതാക്കാനും സാധിക്കും.

കഴിഞ്ഞ മാസം നടന്ന ഒരു യോഗത്തില്‍, വിദ്യാഭ്യാസ വായ്പകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നിലവിലുള്ള വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ (വിഎല്‍പി) നിന്ന് വിവിധ വിദ്യാഭ്യാസ വായ്പാ അപേക്ഷകളുടെ സമര്‍പ്പണവും സബ്‌സിഡി ക്ലെയിമുകളുടെ പ്രോസസ്സിംഗും പുതിയ പോര്‍ട്ടലിലേക്ക് മാറ്റാന്‍ ധനകാര്യ മന്ത്രാലയം ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു.

സിബിഡിസി ഉപയോഗിക്കാനുള്ള പദ്ധതി ബാങ്കുകള്‍ക്ക് പലിശ ഇളവ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഒന്നിലധികം പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിലൂടെ തട്ടിപ്പ് തടയാനും സഹായിക്കും.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പിഎം-വിദ്യാലക്ഷ്മി കേന്ദ്രം അംഗീകരിച്ചത്. ഇത് പ്രകാരം 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 8 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ളതും മറ്റ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കോ പലിശ സബ്വെന്‍ഷന്‍ പദ്ധതികള്‍ക്കോ കീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശ ഇളവ് നല്‍കും.

Similar News