പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തും കാസര്‍കോട്ടും അനുവദിച്ച 138 താല്‍ക്കാലിക ബാച്ചുകള്‍ നിലനിര്‍ത്തും
മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ 64,040 സീറ്റുകളും താല്‍ക്കാലിക ബാച്ചുകളിലൂടെ 17290 സീറ്റുകളുമാണ് അധികമായി ലഭിക്കുക.;
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന്റെ അവസാനഘട്ടത്തില്‍ മലപ്പുറത്തും കാസര്‍കോട്ടും അനുവദിച്ച 138 താല്‍ക്കാലിക ബാച്ചുകള്‍ നിലനിര്‍ത്തുമെന്ന് അധികൃതരുടെ ഉറപ്പ്. ഇതുള്‍പ്പെടെ കഴിഞ്ഞ 3 വര്‍ഷമായി അനുവദിച്ച താല്‍ക്കാലിക ബാച്ചുകളും തെക്കന്‍ ജില്ലകളില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് മാറ്റിയ ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും നിലനിര്‍ത്തിയാവും ഇത്തവണത്തെ മുഖ്യഘട്ട പ്രവേശനം. മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ 64,040 സീറ്റുകളും താല്‍ക്കാലിക ബാച്ചുകളിലൂടെ 17290 സീറ്റുകളുമാണ് അധികമായി ലഭിക്കുക. ഇതോടെ ആകെ 81,330 അധിക സീറ്റുകളാണ് ഉള്ളത്.
20% മുതല്‍ 30% വരെ മാര്‍ജിനല്‍ സീറ്റുകളാണ് നിലവിലുള്ള ബാച്ചുകള്‍ക്ക് അനുബന്ധമായി അനുവദിച്ചത്. ഇതോടെ 50 കുട്ടികളുള്ള ബാച്ചുകളില്‍ കുട്ടികള്‍ 6065 വരെയായി ഉയരും. ക്ലാസ് മുറികളിലെ സ്ഥലപരിമിതിയില്‍ ഇത്രയും കുട്ടികളെ ഉള്‍പ്പെടുത്തുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നാണ് അധ്യാപകരുടെ വാദം.
എന്നാല്‍ മതിയായ കുട്ടികളില്ലാതെ പുതിയ ബാച്ച് അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തവണ ഹയര്‍സെക്കന്‍ഡറിയില്‍ 4,41,887 സീറ്റുകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 33,030 സീറ്റുകളുമാണുള്ളത്.