കോഴിക്കോട്: പ്ലസ് ടു സയന്‍സ് വിഭാഗം വിദ്യാര്‍ഥികളെ വട്ടം കറക്കി കഴിഞ്ഞദിവസത്തെ ഫിസിക്‌സ് പരീക്ഷ. സയന്‍സ് വിഭാഗത്തിലെ ആദ്യ പരീക്ഷയാണ് നടന്നത്. അത് കടുപ്പമായതോടെ തുടര്‍ പരീക്ഷകളുടെ കാര്യത്തില്‍ ടെന്‍ഷനിലാണ് വിദ്യാര്‍ഥികള്‍. ഏതായാലും പാസ് മാര്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സംശയമില്ല. കൂടുതല്‍ മാര്‍ക്ക് പ്രതീക്ഷിച്ചവര്‍ക്കാണ് ടെന്‍ഷന്‍.
ചോദ്യങ്ങളെല്ലാം സിലബസിനുള്ളില്‍നിന്നു തന്നെ ആയിരുന്നുവെങ്കിലും ഒറ്റ നോട്ടത്തില്‍ ഉത്തരത്തിലെത്താന്‍ കഴിയാത്തതാണ് വിദ്യാര്‍ഥികളെ വട്ടം കറക്കിയത്. ഒറ്റവാക്കില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങള്‍ പോലും കുട്ടികളെ കുഴപ്പിച്ചു. അതുപോലെ 5 മാര്‍ക്കിന്റെ ചോദ്യങ്ങളും വലച്ചുവെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും പറയുന്നത്.
പ്രോബ്ലങ്ങള്‍ ചെയ്തു വരുമ്പോള്‍ ഉത്തരം ലളിതമാണെങ്കിലും വഴി എളുപ്പമായിരുന്നില്ല. ആവശ്യത്തിന് സമയം കിട്ടാത്തതും പ്രശ്‌നമായി. പല ചോദ്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വാങ്ങുക എന്നതിനേക്കാള്‍ ചോദ്യകര്‍ത്താവിന്റെ മികവ് വെളിപ്പെടുത്താന്‍ ശ്രമിക്കുന്നതായിരുന്നു എന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ മുതല്‍ പരീക്ഷകളില്‍ മിനിമം പാസ്മാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാകാം പൊതുപരീക്ഷയും കടുപ്പമാക്കിയത് എന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍.