വിദ്യാര്‍ത്ഥികള്‍ക്ക് വിര്‍ച്വല്‍ ആയി ഡിഗ്രിയോടൊപ്പം തന്നെ മറ്റ് കോഴ്‌സുകളും പഠിക്കാം; 'മൂക്' കോഴ്‌സിനെ പറ്റി കൂടുതല്‍ അറിയാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ `സ്വയം' ആണ് മൂക് പഠനത്തിനുള്ള ഏകജാലകം;

Update: 2025-04-18 10:23 GMT

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് വിദ്യാര്‍ഥികള്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഉടന്‍ തുടര്‍ വിദ്യാഭ്യാസത്തിനായി ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ ആണ് പരിഗണിക്കുന്നത്. അത്തരത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോള്‍ ഒരുപോലെ അന്വേഷിക്കുന്നത് മാസീവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ് സായ മൂകിനെ പറ്റിയാണ്. ബിരുദ പ്രോഗ്രാമുകള്‍ നാല് വര്‍ഷമാക്കിയതോടെ മൂക് കോഴ്‌സുകളുടെ സാധ്യതയും വര്‍ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിര്‍ച്വല്‍ ആയി ഡിഗ്രിയോടൊപ്പം തന്നെ മറ്റ് കോഴ്‌സുകളും മൂക് വഴി പഠിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ `സ്വയം' (swayam.gov.in) ആണ് മൂക് പഠനത്തിനുള്ള ഏകജാലകം. 2022ലെ കണക്കുകള്‍ പ്രകാരം ലൊകമെമ്പാടുമുള്ള 950 സര്‍വ്വകലാശാലകളില്‍ നിന്നുള്ള 19,000ല്‍ പരം കോഴ്‌സുകളാണ് ഇതലുള്ളത്.

ഒരു കോഴ്‌സ് ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം പഠിക്കാനാകും എന്നതാണ് മൂകിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികളുടെ എണ്ണമോ പ്രായമോ ഒന്നും പ്രശ്‌നമില്ല. ആര്‍ക്കും ഓണ്‍ലൈനായി കോഴ്‌സ് പഠിക്കാം. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമാണെന്ന് മാത്രം.

വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി പഠിക്കുന്നതിനോടൊപ്പം തന്നെ മൂക് കോഴ്‌സും പഠിക്കാവുന്നതാണ്. കൂടാതെ ജോലിക്കായി തയാറെടുക്കുന്നവര്‍ക്കും റഗുലറായി കോളേജുകളില്‍ പോയി പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മൂക് മികച്ചൊരു ഓപ്ഷനാണ്.

റെക്കോര്‍ഡഡ് ആയിട്ടുള്ള വീഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ അസൈന്‍മെന്റുകളും ക്വിസും ഫൈനല്‍ പരീക്ഷയും ഉള്‍പ്പെട്ടതാണ് മൂക് കോഴ്‌സുകള്‍. പ്രയാസമേറിയ ഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി ഗ്രാഫിക്‌സുകളും അനിമേഷനുകളും ഉപയോഗിച്ചാണ് പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്.

ബിരുദ പ്രോഗ്രാമിലെ ഓരോ സെമസ്റ്ററിലും ഒരു മൂക് കോഴ്‌സ് വെച്ച് പഠിക്കാം. പഠിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ് സുകളോ അല്ലെങ്കില്‍ പഠിക്കുന്ന വിഷയമല്ലാതെ താല്‍പര്യമുള്ള മറ്റ് വിഷയങ്ങളോ പഠിക്കാം. ലോകോത്തര സര്‍വ്വകലാശാലകളിലേത് പോലെ ഇന്ത്യയില്‍ നിന്നുള്ള ഐ.ഐ.എം, ഐ.ഐ.ടി, ഐ.ഐ.എസ്.സി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള കോഴ് സുകളും എല്ലാം ഇവിടെയുണ്ട്.

ഓരോ സെമസ്റ്ററും ആരംഭിക്കുന്നതിന് മുന്‍പ് കോളേജുകളില്‍ കോഴ്‌സുകള്‍ പ്രസിദ്ധീകരിക്കും. ഒരു മാസമാണ് എന്റോള്‍മെന്റ് പിരിയഡ്. ഓരോ കോഴ് സിനും ക്രെഡിറ്റ് ഉണ്ടാകും. കോഴ് സിന്റെ ദൈര്‍ഘ്യം കൂടി കണക്കിലെടുത്ത് വേണം കോഴ് സ് തിരഞ്ഞെടുക്കേണ്ടത്.

ബിരുദ പ്രോഗ്രാമിനൊപ്പം മൂക് കോഴ്‌സ് കൂടി ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്രഡിറ്റുകള്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ ചേര്‍ക്കപ്പെടും. എല്ലാ സെമസ്റ്ററിലും സൗജന്യമായിട്ടായിരിക്കും പഠനം. പരീക്ഷയ്ക്ക് മാത്രം ചെറിയൊരു ഫീസ് നല്‍കണം.

Similar News