കൈറ്റിന്റെ കീ ടു എന്‍ട്രന്‍സ് എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രില്‍ 16 മുതല്‍

കീം പരീക്ഷയുടെ അതേ മാതൃകയില്‍ 150 ചോദ്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക.;

Update: 2025-04-15 04:45 GMT

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ കീ ടു എന്‍ട്രന്‍സ് എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രില്‍ 16 മുതല്‍ 19 വരെ നടക്കും. 52,000ത്തിലധികം കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കീ ടു എന്‍ട്രന്‍സ് പരിശീലന പരിപാടിയില്‍ കീം (KEAM) വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബുധനാഴ്ച മുതല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡല്‍ പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്.മെഡിക്കല്‍ എന്‍ട്രന്‍സ് മോഡല്‍ പരീക്ഷ പിന്നീട് നടത്തും.

entrance.kite.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മോക് ടെസ്റ്റില്‍ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയില്‍ 150 ചോദ്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക. ഫിസിക്‌സ് 45, കെമിസ്ട്രി 30, മാത് സ് 75 എന്നിങ്ങനെയാണ് ചോദ്യഘടന. ഇത് കുട്ടികള്‍ക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

യൂസര്‍ നെയിമും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്താല്‍ 'എക്‌സാം' എന്ന വിഭാഗത്തില്‍ 'മോക്/മോഡല്‍ പരീക്ഷ' ക്ലിക്ക് ചെയ്ത് പരീക്ഷയില്‍ പങ്കുചേരാവുന്നതാണ്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും മോക് ടെസ്റ്റിനായി അവസരം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലും യൂട്യൂബിലുമായി കഴിഞ്ഞ 5 മാസമായി നല്‍കി വരുന്ന ക്ലാസുകളുടെ തുടര്‍ച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 300 ഓളം വീഡിയോ ക്ലാസുകള്‍ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ entrance.kite.kerala.gov.in പോര്‍ട്ടലില്‍ കാണുന്നതിനും അവസരമുണ്ട്.

ഓരോ യൂണിറ്റിനും ശേഷം ആവശ്യാനുസരണം ടെസ്റ്റുകള്‍ എടുക്കാനുള്ള അവസരം നേരത്തേ നല്‍കിയിരുന്നു. എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ എഞ്ചിനീയറിംഗ് മോഡല്‍ പരീക്ഷ നടത്തുന്നത്. മോക് ടെസ്റ്റിന്റെ സര്‍ക്കുലര്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

Similar News