10ാം ക്ലാസില്‍ ഡി+ മതി; ഒരു വര്‍ഷത്തെ ജെഡിസി കോഴ്‌സിന് ചേരാം; വിശദ വിവരങ്ങള്‍ അറിയാം

Update: 2025-03-02 14:02 GMT

പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞാലും വിഷമിക്കേണ്ടതില്ല. നിങ്ങളെ കാത്ത് അവസരങ്ങള്‍ ഉണ്ട്. സഹകരണ മേഖലയില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ക്ലാര്‍ക്ക് മുതല്‍ ഉയര്‍ന്ന തസ്തികകളിലെ നിയമനമാണ് കാത്തിരിക്കുന്നത്.

ഇത്തരം പോസ്റ്റുകളിലെ നിയമനത്തിന് ബിരുദം കഴിഞ്ഞുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷനോ (എച്ച്.ഡി.സി), 10 കഴിഞ്ഞുള്ള ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷനോ (ജെ.ഡി.സി) ആണ് യോഗ്യതയായി പരിഗണിക്കുന്നത്.

ജെഡിസി ക്ക് ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് 2025-26 പ്രവേശനത്തിന് അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി മാര്‍ച്ച് 31ന് വൈകിട്ട് 5 മണിവരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. 10 മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. 2025 ജൂണ്‍ 2 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള പഠന കാലയളവില്‍ 15 ദിവസം വീതം 2 തവണ പ്രായോഗിക പരിശീലനവും നല്‍കും.

പ്രവേശനയോഗ്യത, പ്രായ പരിധി, സീറ്റുകളുടെ എണ്ണം

10ാം ക്ലാസില്‍ ഡി+ എങ്കിലും മതി. 2025 ജൂണ്‍ ഒന്നിന് പ്രായം 16- 40. പട്ടിക / പിന്നോക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 45 / 43 വരെ. വിമുക്ത ഭടന്മാര്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്. സഹകരണ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.

പട്ടികവിഭാഗക്കാര്‍ക്ക് മാത്രമായുള്ള സെന്ററുകളില്‍ 80 സീറ്റ് വീതമാണ് ഉള്ളത്. പട്ടികജാതി 60, പട്ടികവര്‍ഗം 20 എന്നിങ്ങനെയാണ്. അപേക്ഷകന്‍ ഏതു കേന്ദ്രത്തില്‍ ഏത് വിഭാഗത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് അപേക്ഷാഫോമില്‍ വ്യക്തമാക്കണം.

പൊതുവേ താലൂക്ക് അടിസ്ഥാനത്തിലാണ് സെലക്ഷന്‍ നല്‍കുന്നത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷാഫീസ് 175 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 85 രൂപ. സഹകരണസംഘം ജീവനക്കാര്‍ക്ക് 350 രൂപ. അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട രേഖകളുടെ വിവരം പ്രോസ്‌പെക്ടസിലുണ്ട്.

ഫീസ്

9500 രൂപയാണ് ട്യൂഷന്‍ ഫീസ്. ഇതിന് പുറമേ മറ്റു ഫീസും ഡിപ്പോസിറ്റും നല്‍കണം. പ്രോസ്‌പെക്ടസും കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. State Co-Operative Union- Kerala, Samsthana Sahakarana Bhavan, Oottukuzhy, Thiruvananthapuram- 695001,scukerala@gmail.കോം. വെബ്: www.scu.kerala.gov.in.

10ാം ക്ലാസിലെ ഗ്രേഡ് അടിസ്ഥാനമാക്കി, വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കി, റാങ്ക് ചെയ്താണ് കോഴ്‌സിലേക്ക് സെലക്ഷന്‍ നടത്തുന്നത്. പഴയ സ്‌കീംകാരുടെ മാര്‍ക്ക് ഗ്രേഡായി പരിവര്‍ത്തനം ചെയ്തെടുക്കും. പ്ലസ് ടു, ബിരുദം എന്നിവയ്ക്ക് യഥാക്രമം ഒന്നും രണ്ടും പോയിന്റ് ബോണസായി നല്‍കും. എസ്.എസ്.എല്‍.സി ജയിക്കാന്‍ കൂടുതല്‍ ചാന്‍സുകളെടുത്തവരുടെ പോയിന്റ് കുറയ്ക്കുന്ന വകുപ്പുമുണ്ട്.

സംവരണം

ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍ (സഹകരണം, ഫിഷറീസ്, വ്യവസായം, ക്ഷീരം, കയര്‍) 15%, സഹകരണസംഘം ജീവനക്കാര്‍ 35%, 50% ജനറല്‍ സീറ്റില്‍,പട്ടികജാതി 8%, പട്ടികവര്‍ഗം 2%, സാമ്പത്തിക പിന്നാക്കം 10%, മറ്റു പിന്നാക്കവിഭാഗം- 5%, ഡിസിപി ജയിച്ചവര്‍ 5%, വിമുക്തഭടര്‍ / ആശ്രിതര്‍ 5%, ഭിന്നശേഷിക്കാര്‍ 5%. സ്പോട്സ് താരങ്ങള്‍ക്ക് ഓരോ പരിശീലനകേന്ദ്രത്തിലും ഒരു സീറ്റ് എന്നിങ്ങനെയാണ് സംവരണം.

സഹകരണസംഘത്തില്‍ 31.03.2025 ന് ഒരു വര്‍ഷമെങ്കിലും സ്ഥിരം സേവനമനുഷ്ഠിച്ചവരെ മാത്രമേ പ്രവേശനക്കാര്യത്തില്‍ ആ വിഭാഗക്കാരായി പരിഗണിക്കൂ. ഇവരിലെ ആശ്രിതനിയമനക്കാര്‍ 6 മാസത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ മതി.

ജോലി നോക്കുന്ന സംഘത്തിന്റെ അഫിലിയേഷന് പ്രാബല്യമുണ്ടായിരിക്കുകയും വേണം. ഓരോ കേന്ദ്രത്തിലും ഏത് പ്രദേശങ്ങളിലെ അപേക്ഷകരെയാണ് പരിഗണിക്കുകയെന്ന് പ്രോസ്പെക്ടസിലുണ്ട്.

പരിശീലന കേന്ദ്രങ്ങള്‍

1. സഹകരണ പരിശീലന കേന്ദ്രങ്ങള്‍ (11): തിരുവനന്തപുരം (ഫോണ്‍: 9495494412), കൊട്ടാരക്കര (9497620573), ചേര്‍ത്തല (9288096634), കോട്ടയം എന്‍എസ്എസ് (9495187547), നെടുങ്കണ്ടം (ഇടുക്കി 9447524118), തൃശൂര്‍ (9947673840), പാലക്കാട് (9446581632), കോഴിക്കോട് (9496188027), കരണി (വയനാട് 9446653669), കണ്ണൂര്‍ (7306612974), മൂന്നാട് (കാസര്‍കോട് 9400673985)

2. സഹകരണ പരിശീലന കോളജുകള്‍ (5): ആറന്മുള (9447654471), പാലാ (9446949154), വടക്കന്‍ പറവൂര്‍ (9447077511), തിരൂര്‍ (9846079940), തലശ്ശേരി (8590646379)

3. പട്ടികവിഭാഗക്കാര്‍ക്കു മാത്രം പ്രവേശനമുള്ള ബാച്ചുകള്‍: കൊട്ടാരക്കര (9497620573), ചേര്‍ത്തല (9400096542), കരണി (വയനാട് 9446653669), കണ്ണൂര്‍ (7306612974) എന്നിവിടങ്ങളിലെ സഹകരണ പരിശീലനകേന്ദ്രങ്ങളില്‍.

Similar News