ജെഇഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി
പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല.;
ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണത്തെ പരീക്ഷയില്‍ 24 പേര്‍ 100 ശതമാനം മാര്‍ക്ക് നേടി. വെബ് സൈറ്റില്‍ അപേക്ഷാ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്‌കോര്‍ കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
പേപ്പര്‍ 1 (ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടേത് പ്രസിദ്ധീകരിച്ചിട്ടില്ല. jeemain.nta.nic.in എന്ന വെബ് സൈറ്റില്‍ ഫലമറിയാം.
രാജസ്ഥാന്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പെര്‍ഫെക്ട് ടെന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉയര്‍ന്ന സ്‌കോര്‍ നേടിയത്.
ഇതില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്. എഞ്ചിനീയറിങ്ങ് പരീക്ഷകള്‍ ആണ്‍കുട്ടികളുടെ മേഖലയെന്ന് കരുതുമ്പോഴാണ് ഉന്നത വിജയം നേടിയവരില്‍ പെണ്‍കുട്ടികളും ഇടം പിടിച്ചിരിക്കുന്നത്.
ജെഇഇ മെയിന്‍സ് സെഷന്‍ 2 പേപ്പര്‍ 1 ന്റെ താല്‍ക്കാലിക ഉത്തരസൂചിക ഏപ്രില്‍ 11 ന് എന്‍ടിഎ പുറത്തിറക്കിയിരുന്നു, കൂടാതെ ഏപ്രില്‍ 13 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള സമയവും നല്‍കിയിരുന്നു.