INVESTIGATION | പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; അന്വേഷണത്തിനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്കിടെ നടന്ന ആള്‍മാറാട്ടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസവകുപ്പ്. പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.
കടമേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരം ബിരുദ വിദ്യാര്‍ത്ഥിയായ ഇസ്മയില്‍ എത്തി പരീക്ഷയെഴുതുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. പരീക്ഷ നടക്കുന്നതിനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം തിരിച്ചറിഞ്ഞത്. ആള്‍മാറാട്ടം നടത്തിയ ഇസ്മയിലിനെ അപ്പോള്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
ഇപ്പോള്‍ പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥിക്ക് നേരെയും അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസും വിദ്യാഭ്യാസ വകുപ്പും. ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനാണ് റിപ്പോര്‍ട്ട് നല്‍കുക. ആള്‍മാറാട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. വിദ്യാര്‍ത്ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനും സാധ്യതയുണ്ട്. പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിയും ആള്‍മാറാട്ടം നടത്തിയ ആളും താമസിക്കുന്നത് ഒരേ ഹോസ്റ്റലിലാണെന്നും ഇരുവരും പഠിക്കുന്നത് ഒരേ സ്ഥാപനത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.