പ്രോ-വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയില്‍ ഇളവുവരുത്തി സര്‍ക്കാര്‍; അസോസിയേറ്റ് പ്രൊഫസര്‍മാരെയും പരിഗണിക്കാം

Update: 2025-03-06 06:19 GMT

തിരുവനന്തപുരം: സര്‍വകലാശാലകളിലെ പ്രോ-വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയില്‍ ഇളവുവരുത്തി സര്‍ക്കാര്‍. സര്‍വകലാശാലകളെ ശാക്തീകരിക്കാനെന്ന അവകാശവാദവുമായി അവതരിപ്പിച്ച സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ആണ് സര്‍ക്കാര്‍ ഇളവ് വരുത്തിയിരിക്കുന്നത്.

വൈസ് ചാന്‍സലര്‍ക്ക് സമാനമായി പ്രവര്‍ത്തിക്കേണ്ട പ്രോ-വൈസ് ചാന്‍സലര്‍മാരുടെ യോഗ്യതയില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് മുന്‍പാകെയാണ് ഔദ്യോഗിക ഭേദഗതി നല്‍കി സര്‍ക്കാര്‍തന്നെ ഇളവുവരുത്തിയത്. അസോസിയേറ്റ് പ്രൊഫസര്‍മാരെയും പി.വി.സി.യാക്കാമെന്നുള്ള ഭേദഗതിയാണിത്.

കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ യോഗ്യതയില്‍ പ്രൊഫസര്‍ അല്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇതുമാറ്റിയത് സി.പി.എം. അനുകൂല അധ്യാപകസംഘടനകളുടെ സമ്മര്‍ദത്താലാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

സര്‍വകലാശാലകളുടെ ഭരണത്തലവനായ വി.സി. കഴിഞ്ഞാല്‍ അടുത്തപദവി പി.വി.സി.യാണ്. അതിനാലാണ് അനുഭവസമ്പത്ത് കണക്കാക്കിയുള്ള ഉയര്‍ന്നയോഗ്യത നിശ്ചയിച്ചിട്ടുള്ളത്. അസോ. പ്രൊഫസറും യോഗ്യതയാവുന്നതോടെ ചുരുങ്ങിയ പ്രവര്‍ത്തനപരിചയമുള്ളവരും പദവിയിലെത്തും.

പി.വി.സി.ക്ക് താഴെയുള്ളതാണ് രജിസ്ട്രാര്‍, പരീക്ഷാകണ്‍ട്രോളര്‍ തുടങ്ങിയ പദവികള്‍. എന്നാല്‍ അതില്‍ നിയമിക്കപ്പെടാന്‍ പ്രൊഫസര്‍ തസ്തികയാണ് യോഗ്യത. ഇടതുസംഘടനാ നേതാക്കളെ പി.വി.സി.യാക്കാനാണ് പുതിയഭേദഗതിയെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.

Similar News