ദുബായിലെ എല്ലാ സ്‌കൂളുകളിലും 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി
ദുബായ്: എല്ലാ സ്‌കൂളുകളിലും ബാല കേന്ദ്രങ്ങളിലും 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി അധികൃതര്‍. ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ അറബിക് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യുടേതാണ് നടപടി.
എമിറാത്തി സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളര്‍ത്താന്‍ സഹായിക്കുന്നതിന് സ്‌കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്തിപ്പെടുത്തുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകളിലും പുതിയ നിര്‍ദേശം നടപ്പാക്കും. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ മുതലും ഏപ്രിലില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് 2026 ഏപ്രില്‍ മുതലും പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. നാല് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള അറബിക് വിദ്യാഭ്യാസം ഉള്‍ക്കൊള്ളുന്നതാണ് ആദ്യ ഘട്ടം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഘട്ടങ്ങള്‍ ആരംഭിക്കുകയും ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
മുഴുവന്‍ കുട്ടികളിലും അവരുടെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ഭാഷയോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്കാലത്ത് തന്നെ അറബിക് പഠനം സാധ്യമാക്കുന്നതിലൂടെ എമിറാത്തി, അറബ്, ഇതര ഭാഷ സംസാരിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും യുഎഇയുടെ ഭാഷയിലും സംസ്‌കാരത്തിലും മുഴുകാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്ന് കെ.എച്ച്.ഡി.എ എജ്യുക്കേഷന്‍ ക്വാളിറ്റി അഷ്വറന്‍സ് ഏജന്‍സി സിഇഒ ഫാത്മ ബെല്‍റെഹിഫ് പറഞ്ഞു.
ഇസ്ലാമിക് വിദ്യാഭ്യാസം, സോഷ്യല്‍ സ്റ്റഡീസ്, അറബിക് വിദ്യാഥികള്‍ക്കുള്ള പ്രബോധന ഭാഷയിലെ മാറ്റങ്ങള്‍, അറബ് ഇതര വിദ്യാര്‍ഥികള്‍ക്കുള്ള യുഎഇ സാമൂഹിക, ധാര്‍മിക, സാംസ്‌കാരിക പഠനങ്ങളെക്കുറിച്ചുള്ള പുതുമാറ്റങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണിത്.
ആദ്യഘട്ടത്തില്‍ രസകരമായ കളികളിലൂടെയാണ് അറബിക് അധ്യാപനം നടത്തുന്നത്. കൂടാതെ സ്‌കൂളുകളും ബാല കേന്ദ്രങ്ങളും പ്രാദേശികവും അല്ലാത്തതുമായ അറബിക് സംസാരിക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വൈവിധ്യമാര്‍ന്ന ഭാഷാ പഠന മാതൃകകള്‍ നടപ്പാക്കും.
കുട്ടികളുടെ ആശയസംവാദത്തിന്റെ മൂന്നിലൊന്ന് സമയമെങ്കിലും കുട്ടികളെ സംവേദനാത്മകവും സാംസ്‌കാരിക പ്രസക്തവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിന് ഒരു അറബിക് അധ്യാപകന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. അറബിക് അധ്യാപകര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്നും അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രഫഷണല്‍ ഡെവലപ്മെന്റിന്റെ പിന്തുണയുണ്ടെന്നും സ്‌കൂളുകളും ബാല കേന്ദ്രങ്ങളും ഉറപ്പാക്കണമെന്നും കെ.എച്ച്.ഡി.എ നിര്‍ദേശിച്ചു. ദൈനംദിന ജീവിതത്തില്‍ അറബിക് പഠനത്തെ പ്രോത്സാഹിപ്പിക്കും വിധം സ്‌കൂളിലും വീടുകളിലും കുട്ടികളെ പിന്തുണയ്ക്കാന്‍ രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചെറിയ ക്ലാസുകളിലെ പഠനത്തില്‍ അറബിക് അധ്യാപനം മെച്ചപ്പെടുത്തുന്നത് ദുബായുടെ എജ്യൂക്കേഷന്‍ 33 സ്ട്രാറ്റജിക്ക് കീഴിലുള്ള 28 ഗെയിം ചേഞ്ചര്‍മാരില്‍ ഒരാളായ ലൗഘത്ത് അല്‍ ദാദിന്റെ ഭാഗമാണ്. അറബിക്കിന്റെ തനതായ ഒരു അക്ഷരവും ശബ്ദവുമാണ് ദാദ്. ലൗഘത്ത് അല്‍ ദാദിന്റെ കീഴില്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ അറബിക് ഭാഷ ശക്തിപ്പെടുത്തുന്നതിനും യുഎഇ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള അവബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. യുഎഇയുടെ സാംസ്‌കാരിക സ്വത്വത്തിന്റെ ഹൃദയഭാഗത്താണ് അറബിക് ഭാഷയുള്ളത്.