സി.യു.ഇ.ടി - യു.ജി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

Update: 2025-03-04 08:46 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മേയ് എട്ടിനും ജൂണ്‍ ഒന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ പല ഷിഫ്റ്റിലായാണ് പരീക്ഷ നടത്തുന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്.

ഓരോ സര്‍വകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശനയോഗ്യതാ വ്യവസ്ഥകള്‍, പ്രവേശനത്തിനുവേണ്ട വിഷയ കോമ്പിനേഷനുകള്‍, സംവരണവ്യവസ്ഥകള്‍, ഇളവുകള്‍ തുടങ്ങിയവയൊക്കെ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കും മുന്‍പ് ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ മനസ്സിലാക്കണം. പരീക്ഷ അഭിമുഖീകരിക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം.

2025ന് മാര്‍ച്ച് 22ന് രാത്രി 11.50 വരെ അപേക്ഷിക്കാം. cuet.nta.nic.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഫീസ് മാര്‍ച്ച് 23ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകള്‍ ഓണ്‍ലൈനായി തിരുത്താന്‍ 24 മുതല്‍ 26ന് രാത്രി 11.50 വരെ അവസരമുണ്ടാകും.

രജിസ്‌ട്രേഷന്‍ ഫോം, ആപ്ലിക്കേഷന്‍ ഫോം, ഫീ പേമെന്റ് എന്നീ മൂന്നുഘട്ടങ്ങളിലായാണ് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. ഇവ ഒരുമിച്ചോ ഘട്ടങ്ങളായോ പൂര്‍ത്തിയാക്കാം. പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/കോഴ്‌സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്‍കി, ഫീസ് വിജയകരമായി അടച്ചശേഷം, കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കണ്‍ഫര്‍മേഷന്‍ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ് സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.

പ്രവേശനയോഗ്യത: ക്ലാസ് 12/തത്തുല്യപരീക്ഷ ജയിച്ചിരിക്കുകയോ 2025-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. തത്തുല്യപരീക്ഷകളില്‍ എച്ച്.എസ്.സി വൊക്കേഷണല്‍ പരീക്ഷ, മൂന്നുവര്‍ഷ അംഗീകൃത ഡിപ്ലോമ, അഞ്ച് വിഷയങ്ങളോടെയുള്ള എന്‍.ഐ.ഒ.എസ് സീനിയര്‍ സെക്കന്‍ഡറി പരീക്ഷ, ചില വിദേശപരീക്ഷകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വര്‍ഷം, ബന്ധപ്പെട്ട സര്‍വകലാശാലാ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.

വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും.

പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തിരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്ക് വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തിരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്‌സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ് സൈറ്റിലെ യൂണിവേഴ്‌സിറ്റീസ് ലിങ്കില്‍ ലഭിക്കും.

Similar News