ഫാത്തിമയുടെ കത്ത് മന്ത്രിക്ക് കിട്ടി; ''പഠന യാത്രയ്ക്ക് പോവാനായതില്‍ നന്ദി.. പക്ഷെ..''
കണ്ണൂർ : കതിരൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരി എം.പി ഫാത്തിമക്ക് ഇപ്പോള്‍ നിറഞ്ഞ സന്തോഷമാണ്. പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെയും പഠനയാത്രയില്‍ ഉള്‍ക്കൊള്ളിക്കാതിരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ നിര്‍ദേശം കാരണം മൈസൂരിലേക്ക് പഠനയാത്ര പോവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഫാത്തിമ. സന്തോഷം പങ്കുവെച്ച് ഫാത്തിമ മന്ത്രി ശിവന്‍ കുട്ടിക്ക് അയച്ച കത്ത് മന്ത്രി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഞാനും എന്റെ കൂട്ടുകാരും ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. ഈ സന്തോഷത്തിന് കാരണം അങ്ങാണെന്നും ഫാത്തിമ കത്തില്‍ പറയുന്നു. പണം ഇല്ലാത്ത കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും പഠനയാത്രയില്‍ പങ്കെടുക്കാനായെന്നും പണം സ്‌പോണ്‍സര്‍ ചെയ്ത പൂര്‍വ വിദ്യാര്‍ഥിക്ക് മജീദ് എന്ന വലിയ മനുഷ്യനാണെന്നും ഫാത്തിമ പറയുന്നു. മന്ത്രിയുടെ നിര്‍ദേശം പാലിക്കുന്ന ആദ്യ സ്‌കൂള്‍ ആണ് തങ്ങളുടേതെന്നും ഇതില്‍ അഭിമാനമുണ്ടെന്നും ഫാത്തിമ. അതേസമയം ഒരു സങ്കടം കൂടി പറഞ്ഞുകൊണ്ടാണ് ഫാത്തിമ കത്ത് അവസാനിപ്പിക്കുന്നത്. സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്‌കൂളിന് സ്വന്തമായി കെട്ടിടം വേണമെന്നും ഫാത്തിമ എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടി ആവശ്യപ്പെട്ടു.
ഫാത്തിമയുടെ കത്ത് കണ്ടപ്പോള്‍ ഹൃദയം നിറഞ്ഞെന്നും ഏറെ സന്തോഷമുണ്ടെന്നും കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കത്ത് പങ്കുവെച്ചത്. സ്‌കൂള്‍ സംബന്ധിച്ച് കത്തില്‍ കുറിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നും മറുപടിക്കത്തിലൂടെ വിവരം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി