കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പും ഇലപ്പുള്ളിയും; കര്‍ഷകര്‍ക്ക് നഷ്ടക്കണക്ക് മാത്രം

Update: 2025-05-21 11:22 GMT

ബദിയടുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പും ഇലപുള്ളി രോഗവും പകര്‍ച്ച വ്യാധിപോലെ പടരാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. മഹാളി രോഗം ബാധിച്ച കവുങ്ങുകള്‍ക്ക് മരുന്ന് തളിച്ചിട്ടും രോഗം മാറാതിരിക്കുകയും ചെയ്ത കവുങ്ങുകളാണ് ഒറ്റയ്ക്കൊറ്റയ്ക്ക് നശിച്ചുകൊണ്ടിരിക്കുന്നത്. മഹാളി അടക്കമുള്ള രോഗം മൂലം കവുങ്ങ് നഷ്ടപ്പെട്ട കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി കാത്ത് നില്‍ക്കുന്നതിനിടയിലാണ് കര്‍ഷകരുടെ തലയില്‍ ഇടിത്തീ പോലെ കവുങ്ങുകള്‍ക്ക് ഇലപുള്ളി രോഗം ബാധിക്കുകയും ചെയ്തത്. മഹാളി രോഗത്തിന് കര്‍ഷകര്‍ മരുന്ന് തളിച്ചിരുന്നുവെങ്കിലും ചില കര്‍ഷകര്‍ രണ്ട് തവണയും മറ്റു ചിലര്‍ അഞ്ചു തവണ വരേയും മരുന്ന് തളിച്ചു. മരുന്ന് തളിച്ച് രക്ഷപ്പെട്ട മരങ്ങളും ഇതിലുണ്ട്. പക്ഷെ മരുന്നു തളിച്ചിട്ടും രോഗം മാറാത്ത മരങ്ങളാണ് ഇപ്പോള്‍ രോഗബാധയെ തുടര്‍ന്ന് നശിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആദ്യം മുകള്‍ ഭാഗം മഞ്ഞ നിറത്തിലാവുകയും പിന്നീട് ആ ഭാഗം നിലം പൊത്തുകയും ചെയ്യും. കുറഞ്ഞത് ആറ് വര്‍ഷത്തെ പരിചരണത്തിലൂടെയാണ് ഒരു കവുങ്ങില്‍ നിന്നും വിളവ് ലഭിക്കുന്നത്. ഒരു വര്‍ഷം ഒരു മരത്തിന്റെ ചെലവ് 100 മുതല്‍ 300 രൂപ വരെയാണ്. വെള്ളവും വളവും ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ തന്നെ കായ്ക്കുന്ന കവുങ്ങുകളുമുണ്ട്. ഇങ്ങനെ വളര്‍ത്തുന്ന മരങ്ങളാണ് രോഗങ്ങള്‍ മൂലം നശിക്കുന്നത്. മാത്രവുമല്ല മൂപെത്താത്ത അടയ്ക്കയില്‍ മുകള്‍ ഭാഗത്ത് കറുത്ത പുള്ളികള്‍ രൂപപ്പെടുകയും അപ്പാടെ കൊഴിഞ്ഞുവീഴുകയും ചെയ്യുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്ള, സംപാജെ, സുള്ള്യ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവന്നിരുന്ന മഞ്ഞളിപ്പ് രോഗം അതിര്‍ത്തി പ്രദേശങ്ങളിലെ സ്വര്‍ഗ, നെല്‍ക്ക, കാട്ടുകുക്കെ, ഏത്തടുക്ക, കിന്നിംഗാര്‍, വാണിനഗര്‍, പെരഡാല, പുത്തിഗെ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപിക്കുകയും കവുങ്ങുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് തദ്ദേശവാസികളായ കര്‍ഷകര്‍ പറയുന്നു. ഒരു ഏക്കര്‍ കവുങ്ങ് തോട്ടത്തില്‍ 10 മരമെങ്കിലും ഇത്തരത്തില്‍ നശിക്കുന്നുണ്ടത്രെ.

Similar News