വൈദ്യുതി ട്രാന്‍സ് ഫോര്‍മറിലും, ലൈനിലും പടര്‍ന്ന് കിടക്കുന്ന കാട്ടുവള്ളികള്‍ അപകട ഭീഷണിയാകുന്നു; വെട്ടിമാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

പല തവണ വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി;

Update: 2025-06-22 10:39 GMT

പെര്‍ള: ട്രാന്‍സ് ഫോര്‍മറിലും, വൈദ്യുതി ലൈനിലും പടര്‍ന്ന് കിടക്കുന്ന കാട്ടുവള്ളികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന പരാതിയുമായി പ്രദേശവാസികള്‍. പെര്‍ള- സീതാംഗോളി റോഡിലെ മണിയംപാറയില്‍ കാട്ടുവള്ളികള്‍ പടര്‍ന്ന് പന്തലിച്ച് ട്രാന്‍സ് ഫോര്‍മിലും വൈദ്യുതി പോസ്റ്റിലും മറ്റും നിറഞ്ഞ് അപകട ഭീഷണി ഉയര്‍ത്തുകയാണ്.

പെര്‍ള കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലെ വൈദ്യുതി പോസ്റ്റിലെ എച്ച്.ടി ലൈനിന് മുകളില്‍ പല സ്ഥലങ്ങളിലായി താഴെ ഭാഗത്തു നിന്നും പച്ച കാട്ടുവള്ളി പടര്‍ന്നിരിക്കുകയാണ്. ഇതിലൂടെ വൈദ്യുതി പ്രവഹിച്ചാല്‍ ഏത് സമയവും അപകടം സംഭവിക്കാം. സ്‌കൂള്‍ കുട്ടികളും കര്‍ഷകരുമടങ്ങുന്ന നിരവധി കാല്‍നട യാത്രക്കാരും വാഹനങ്ങളും ഇതുവഴി കടന്ന് പോകുന്നു. വൈദ്യുതി ലൈനില്‍ തട്ടിനില്‍ക്കുന്ന കാട്ടുവള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പല തവണ വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സമാനമായ രീതിയില്‍ പെര്‍ള സ്വര്‍ഗ്ഗ റോഡരികിലെ ഗാളിഗോപുരത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥലത്ത് കാട്ടുവള്ളികള്‍ വൈദ്യുതി ലൈനില്‍ പടര്‍ന്ന് പന്തലിച്ച നിലയിലാണുള്ളത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന പച്ചില വള്ളി നീക്കം ചെയ്ത് വരാനിരിക്കുന്ന അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Similar News