സീതാംഗോളിയില്‍ വാഹനങ്ങള്‍ തടഞ്ഞ പണിമുടക്കനുകൂലികള്‍ പൊലീസിനെ അക്രമിച്ചു; 3 സി.പി.എം പ്രവര്‍ത്തകര്‍ റിമാണ്ടില്‍
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ 3 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു;
സീതാംഗോളി: നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ പണിമുടക്കനുകൂലികള്‍ പൊലീസിനെ അക്രമിച്ചതായി പരാതി. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കോടതി റിമാണ്ട് ചെയ്തു. അരിയപാടിയിലെ സന്തോഷ് കുമാര്‍, മുഗുവിലെ മധുസൂദന്‍, ബാഡൂര്‍ ഷേണിയിലെ വിനീഷ് എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ മൂന്ന് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
പരിക്കേറ്റ കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ബാബുരാജ്, ഫെബിന്‍ എന്നിവരെ കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ സീതാംഗോളിയില്‍ പണിമുടക്കനുകൂലികള്‍ വാഹനങ്ങള്‍ തടയുന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തുകയും കൂട്ടം കൂടി നിന്നവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും വാക്കുതര്‍ക്കത്തിനിടെ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു, കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പൊലീസ് അതിക്രമത്തിനെതിരെ സി.പി.എം വ്യാഴാഴ്ച വൈകിട്ട് സീതാംഗോളി ടൗണില്‍ പ്രതിഷേധ യോഗം നടത്തും. യോഗം സി.പി.എം ജില്ലാ സെക്രട്ടിയേറ്റംഗം സാബു ഏബ്രഹാം ഉദ് ഘാടനം ചെയ്യും.