പയ്യന്നൂരില്‍ വയോധികയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി ബദിയടുക്കയില്‍ പിടിയില്‍
ചെന്നടുക്കത്തെ ഇബ്രാഹിം ഖലീലിനെയാണ് പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ പി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;
ബദിയടുക്ക: പയ്യന്നൂരില്‍ വയോധികയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതി ബദിയടുക്കയില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് ചെന്നടുക്കത്തെ ഇബ്രാഹിം ഖലീലിനെ(43)യാണ് പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ പി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജൂണ്‍ ആറിന് ഉച്ചക്ക് 12 മണിക്ക് വീടിന് മുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാര്‍ത്യായനി എന്ന വയോധികയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത ശേഷം ഇബ്രാഹിം ഖലീല്‍ കടന്നുകളയുകയായിരുന്നു. കാര്‍ത്യായനിയുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും ഫോണ്‍കോളുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
ഇബ്രാഹിം ഖലീലിനെതിരെ ഹൊസ് ദുര്‍ഗ്, മേല്‍പ്പറമ്പ്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ പത്തോളം മാല തട്ടിയെടുക്കല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.