കനത്ത മഴ: നെല്‍ക്കയില്‍ മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഗതാഗതം തടസ്സപ്പെട്ടു

കുന്നിന്‍ ചെരിവില്‍ നിന്നും മണ്ണിടിച്ചിലുണ്ടായി;

Update: 2025-05-27 05:05 GMT

പെര്‍ള: കനത്ത മഴയിലും ആഞ്ഞടിച്ച കാറ്റിലും ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ നെല്‍ക്കയില്‍ പാതയോരത്തെ മരം കടപുഴകി വീണു. സമീപത്ത് കൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനിന് മുകളിലാണ് മരം വീണത്. വൈദ്യുതി ലൈന്‍ പൊട്ടി വീണു. സമീപത്ത് കുന്നിന്‍ ചെരിവില്‍ നിന്നും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡ് ആയത് കൊണ്ട് നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകാറുള്ളത്. എന്നാല്‍ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാല്‍ വാഹന സഞ്ചാരം കുറവായിരുന്നു. ഇതിനാല്‍ അപകടം ഒഴിവായി. പിന്നീട് പെര്‍ള സെക്ഷനിലെ കെ എസ് ഇ ബി അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ സ്ഥലത്തെത്തി മരം മുറിച്ച് വൈദ്യുതി ബന്ധവും ഗതാഗത തടസ്സവും പുനഃ സ്ഥാപിച്ചു.

വിവരമറിഞ്ഞ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. ഗാംബീര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അപകട സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ സൂചന ബോര്‍ഡ് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.

Similar News