സഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി
പെര്‍ള കാട്ടുകുക്കെ അരക്കടിയിലെ ജയേഷിനെയാണ് കാണാതായത്;
ബദിയടുക്ക: സഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. പെര്‍ള കാട്ടുകുക്കെ അരക്കടിയിലെ ജയേഷിനെ(35)യാണ് കാണാതായത്. ജൂണ്‍ ഒമ്പതിന് രാവിലെ 11 മണിക്ക് സഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജയേഷ് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരികെ വന്നില്ല.
വൈകിട്ട് നാലുമണിയോടെ ജയേഷ് വീട്ടുകാരെ വിളിച്ച് പെര്‍ളയിലുണ്ടെന്നും കുടുംബവീട്ടിലേക്ക് വരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വന്നില്ല. ഇതോടെ വീട്ടുകാര്‍ ജയേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജയേഷ് മുമ്പ് കര്‍ണ്ണാടക സുള്ള്യയിലെ ബാറില്‍ ജീവനക്കാരനായിരുന്നു.
ജയേഷിനെ പറ്റി കൂടുതല്‍ വിവരമൊന്നും ലഭിക്കാതിരുന്നതോടെ ഇതുസംബന്ധിച്ച് സഹോദരന്‍ രാജേഷ് ബദിയടുക്ക പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.