തേങ്ങാ കള്ളന്‍മാര്‍ പെരുകുന്നു; ആള്‍ താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന തേങ്ങകള്‍ കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍

പൈക്ക അര്‍ളടുക്ക സ്വദേശികളായ രാമന്‍, രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;

Update: 2025-07-07 06:27 GMT

ബദിയടുക്ക: ആള്‍ താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന തേങ്ങകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക അര്‍ളടുക്ക സ്വദേശികളായ രാമന്‍(44), രവി(39) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

നെക്രാജെ ആലങ്കോടിലെ നാരായണന്റെ(63) പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. ജൂലൈ നാലിന് രാവിലെ 10 മണിക്കും വൈകിട്ട് നാലു മണിക്കും ഇടയിലുള്ള സമയത്താണ് ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 6400 രൂപ വിലമതിക്കുന്ന 250 ഓളം തേങ്ങകള്‍ മോഷണം പോയത്. നാരായണന്‍ വീടിന് സമീപം താമസിക്കുന്ന ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്തിരുന്നു.

ഈ പറമ്പിലുള്ള തേങ്ങകള്‍ അതേ സ്ഥലത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്നാണ് തേങ്ങകള്‍ കടത്തിക്കൊണ്ടുപോയത്. മോഷണം നടന്നതിന്റെ പിറ്റേദിവസമാണ് തേങ്ങകള്‍ കടത്തിയതായി നാരായണന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേങ്ങയ്ക്ക് വില കൂടിയതോടെ മോഷണവും പെരുകുകയാണ്. ദിവസേന ഇതുപോലുള്ള നിരവധി പരാതികളാണ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പൊലീസുകാര്‍ പറയുന്നു.

Similar News