ബദിയടുക്കയില്‍ സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റില്‍; കാറും 25,700 രൂപയും പിടിച്ചെടുത്തു
സൂരംബയലിലെ രാജേഷിനെയാണ് ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്;
ബദിയടുക്ക: സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂരംബയലിലെ രാജേഷിനെ(39)യാണ് ബദിയടുക്ക എസ്.ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാജേഷ് സഞ്ചരിച്ച കെ.എല്‍ 14 ബി-7834 നമ്പര്‍ കാറും 25700 രൂപയും പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി 7.45 മണിയോടെ ബദിയടുക്ക എസ്.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജേഷ് പിടിയിലായത്. ബദിയടുക്ക ബസ് സ്റ്റോപ്പിന് സമീപം പൊതുസ്ഥലത്ത് ലോട്ടറി ഏജന്റല്ലാത്ത രാജേഷ് മൊബൈല്‍ ഫോണിലൂടെയും അല്ലാതെയും കേരളസര്‍ക്കാരിന്റെ ലോട്ടറി ചട്ടങ്ങള്‍ ലംഘിച്ച് സമാന്തര ലോട്ടറി ചൂതാട്ടം നടത്തുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
മൂന്നക്ക ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടമാണ് രാജേഷ് നടത്തിയിരുന്നത്. രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഗൂഗിള്‍ പേ വഴി 50,000 രൂപ മുതല്‍ 70,000 രൂപ വരെ വരുമാനമുണ്ടാക്കുന്നതായി വ്യക്തമായി. പ്രൊബേഷന്‍ എസ്.ഐ രൂപേഷ്, പൊലീസ് ഡ്രൈവര്‍ അനീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.