ഇസ്ലാം ചരിത്ര താളുകളെ വായനക്കെടുക്കുമ്പോള്‍ ബദര്‍ ആദര്‍ശ പോരാട്ടത്തിന് വിശാലമായൊരിടമുണ്ട്. ആയുധങ്ങളുടെ കലപിലകള്‍ക്കും അട്ടഹാസങ്ങളുടെ ശബ്ദഘോരങ്ങള്‍ക്കുമപ്പുറം ആത്മീയതയുടെയും സമര്‍പ്പണത്തിന്റെയും വിശ്വാസ ദൃഢതയുടെയും പ്രതീക്ഷാപുലരിയിലേക്കുള്ള ആശവെപ്പിന്റെയും എമ്പാടും പാഠങ്ങളാണ് ബദര്‍ മാനവ ലോകത്തിന് നല്‍കുന്നത്. അനുഭവിച്ചു തീര്‍ത്ത യാതനകള്‍ക്കും വേദനകള്‍ക്കും സുവ്യക്തമായ ഒരു സ്നേഹ പര്യവസാനം തീര്‍ത്തുമുണ്ടാവുമെന്ന് ബദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. കൂര്‍ത്ത് മൂര്‍ത്ത ആയുധങ്ങളെക്കാളും സകലകലാ വല്ലഭന്മാരായ പോക്കിരികളെക്കാളും ഹൃദയത്തിന്റെ അടിത്തട്ടില്‍ സ്ഫുടം ചെയ്തെടുത്ത വിശ്വാസത്തിന് തന്നെയാണ് അന്തിമ മേല്‍ക്കോയ്മയെന്നും ബദര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയു തുലനം കണക്കാക്കുന്നതില്‍ ഒരു ചേര്‍ച്ചയും ചേരില്ലെന്നും വിജയത്തിന്റെ നിദാനം അതല്ലെന്നും ബദര്‍ കുറിച്ച് വെച്ച സത്യങ്ങളാണ്. വിശ്വാസമര്‍പ്പിച്ച കേന്ദ്രബിന്ദു സത്യത്തിന്റേതാണെന്ന് പൂര്‍ണ ഉള്‍വിളി ഉണ്ടായിരിക്കെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് അമാനുഷികതയുടെ ദൈവീക സഹായമുണ്ടെന്നും ചില്ലറ നഷ്ടങ്ങള്‍ക്ക് ധാരാളം ലാഭങ്ങളുടെ കരുതിവെപ്പിലേക്കാണെന്റെ പ്രയാണമെന്നും സധൈര്യം ചങ്കൂറ്റത്തോടെ ആത്മവിശ്വാസം കൊള്ളാന്‍ ബദര്‍ വ്യക്തമായ ചിത്രം വരക്കുന്നുണ്ട്.
അടിമയെന്ന ബന്ധനത്തിന്റെ ഇരുട്ട് മുറിയിലേക്ക് തൗഹീദിന്റെ ഇലാഹീ വെളിച്ചം ഒരു ജാലക വിടവിന്റെ നേരിയ തോതിലെന്നോണം ഹസ്രത്ത് ബിലാലി(റ.)ന്റെ ഉള്ളിലേക്ക് അരിച്ചെത്തിയതും അതൊരു പ്രോജ്ജ്വല പ്രഭപരത്തുമെന്ന ഭയത്താല്‍ ബിലാലി(റ.)ലെ പ്രഭ കെടുത്തിക്കളയാന്‍ നിഷ്ഠൂരമായ ക്രൂരതകള്‍ അഴിച്ചുവിടുകയും ചെയ്ത തന്റെ യജമാനനെ എത്ര ലാഘവത്തോടെ തിരിച്ച് കൈകാര്യം ചെയ്യാന്‍ ബിലാലിന് സാധിച്ചിട്ടുണ്ടെന്ന ബദറിലെ സത്യം മര്‍ദ്ദിതന്റെ മനക്കരുത്തിലേക്കുള്ള മായാത്ത ഓര്‍മകളാണ്.
ശത്രു ചേരിയിലെ ആയുധങ്ങളുടെ ആധിക്യവും ഉള്ളകങ്ങളില്‍ ഉന്മേഷം ഉദ്ധീവിപ്പിക്കുന്ന തരുണീമണികളുടെ ഉല്ലാസങ്ങളിലെ പ്രദര്‍ശനധ്വരകള്‍ക്കുമപ്പുറം ഏകാന്തതയിലെ ഇലാഹീ സാമീപ്യത്തിന്റെ സാഷ്ടാംഗം ഒന്നുമാത്രം മതി എല്ലാ പ്രതിസന്ധികളെയും മറികടക്കാനെന്ന് തിരുനബിയോരുടെ നെറ്റിത്തടം സാക്ഷ്യപ്പെടുത്തുന്നുണ്ട് ബദറിലെ 'ഖൈമ പന്തലിലെ' മണല്‍ പരപ്പുകള്‍.
മുസ്ലിംകള്‍ സംഭരിച്ചു വെച്ച അവശ്യ ജലാശയത്തെ തകര്‍ത്തു കളയാന്‍ വീമ്പു പറഞ്ഞെത്തിയ അസുവദുല്‍ അനസിയെന്ന കരുത്തനായ പ്രതിയോഗിയെ വരച്ച വരയില്‍ വട്ടം കറക്കി വിറപ്പിച്ചു കളഞ്ഞ ഹംസത്തുല്‍ കര്‍റാറിന്റെ ധീരതയും മക്കയില്‍ നിന്നും പലായനം ചെയ്തെത്തിയ മുഹാജിറുകള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്ത് ആതിഥേയത്തിന്റെ അതുല്യ അനുഭൂതിയേകിയ മദീനക്കാരായ അന്‍സാറുകളും ബദറിലേക്കുള്ള ഒരുക്കങ്ങളില്‍ ഒരു സങ്കോചവുമില്ലാതെ മുന്നില്‍ നിന്ന് ധൈര്യം പകര്‍ന്നതും ബദര്‍ പോരാട്ടത്തിന്റ പ്രഥമ പ്രക്രിയയില്‍ അടര്‍ക്കളത്തിലേക്കു വന്ന അന്‍സാറുകളെ പിന്തിരിപ്പിക്കാനും മക്കക്കാരായ മുഹാജിറുകളെ നിസ്സാരപ്പെടുത്താനുമെന്നോണം കുരുട്ടുന്യായം തട്ടിവിട്ട അധര്‍മകാരികളിലേക്ക് കൂസലില്ലാതെ കുതിച്ചെത്തിയ ഹസ്രത്ത് ഉബൈദയെന്ന (റ.) വയോധികനും ബദര്‍ കേവലമായൊരു പോരാട്ടം മാത്രമായിരുന്നില്ലെന്നും അതൊരു സത്യഗോപുര നിര്‍മ്മിതിക്ക് ആവശ്യമായ എല്ലാവിധ ആത്മീയ ചേരുവകളുടെ പാഠം പഠിച്ചു തീര്‍ക്കാന്‍ ഒരു അധ്യായം രചിച്ചു വെക്കുകയായിരുന്നുവെന്നും ലോകം വായിച്ചു കൊണ്ടേയിരിക്കുന്നു.
അബൂബക്കര്‍ മൊഗ്രാല്‍