ഡോ. പി.എ ഇബ്രാഹിം ഹാജി പ്രകാശം നിറഞ്ഞ ഓര്‍മ്മകള്‍...

Update: 2025-12-19 10:42 GMT
ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓര്‍മ്മ ദിനമാണ് ഡിസംബര്‍ 21. വിട പറഞ്ഞിട്ടും അദ്ദേഹം  സ്പര്‍ശിച്ച  ഹൃദയങ്ങളിലും തണലേകിയ സമൂഹങ്ങളിലും ഇന്നും ആ പുണ്യസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു.

ഇന്തോ-അറബ് വ്യവസായ-ജീവകാരുണ്യ രംഗത്ത് തന്റെ പ്രയത്‌നത്തിലൂടെ സ്വര്‍ണത്തിളക്കമുള്ള പാത വിരിച്ച മഹാനുഭാവന്‍, ചന്ദ്രിക ഡയറക്ടറും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും ലോകപ്രശസ്ത വ്യവസായിയും കാരുണ്യത്തിന്റെ പ്രതീകവുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓര്‍മ്മ ദിനമാണ് ഡിസംബര്‍ 21. വിട പറഞ്ഞിട്ടും അദ്ദേഹം സ്പര്‍ശിച്ച ഹൃദയങ്ങളിലും തണലേകിയ സമൂഹങ്ങളിലും ഇന്നും ആ പുണ്യസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു.

സൗമ്യതയുടെ മനോഹരമായ പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും കരുതലോടെയുള്ള ഉപദേശവും പരിചയപ്പെട്ട ആര്‍ക്കും മറക്കാനാവില്ല. 'നന്മ ചെയ്യുക' എന്ന ഒറ്റ ജീവിത സന്ദേശം പ്രവാസി മലയാളികളുടെ മനസ്സില്‍ എന്നും പ്രകാശമായി ജ്വലിക്കുന്ന അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒരു 'ഢശശെീിമൃ്യ ഘലമറലൃ' ആയും, 'ഔാമിശമേൃശമി' ആയും, 'ഠൃൗല ഏലിഹേലാമി' ആയും എല്ലാ അര്‍ത്ഥത്തിലും ഒരു വ്യക്തിയില്‍ സമന്വയിച്ച ഉദാത്ത മാതൃക.

യു.എ.ഇ. രൂപീകൃതമാകുന്നതിനും മുമ്പേ, 1966ല്‍ ഗള്‍ഫിലെത്തിയ ഇബ്രാഹിം ഹാജി, 55 വര്‍ഷത്തിലധികം വ്യവസായം, വിദ്യാഭ്യാസം, സാമൂഹ്യസേവനം തുടങ്ങിയ നിരവധി മേഖലകളില്‍ തന്റേതായ ആഴമേറിയ അടയാളങ്ങള്‍ രേഖപ്പെടുത്തുകയും വ്യവസായ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക-ജീവകാരുണ്യ ലോകത്തും വ്യക്തിമുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു. ഗള്‍ഫിലെയും നാട്ടിലെയും സാമൂഹിക-സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അസുഖബാധിതനാകുന്നതുവരെ പൊതുപരിപാടികളില്‍ സജീവമായിരുന്ന ആ മഹാനുഭാവന്റെ ചിരിയും സൗമ്യതയും എല്ലാ തലമുറകളെയും ഒരുപോലെ ആകര്‍ഷിച്ചു.

ചെറിയ സംരംഭങ്ങളില്‍ നിന്ന് ആരംഭിച്ച്, വസ്ത്രനിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ആഗോളതലത്തില്‍ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും ജീവിതത്തില്‍ ഉയര്‍ച്ച നേടാന്‍ അവസരമൊരുക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നു.

അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'വ്യവസായം ലാഭത്തിനുള്ള മാര്‍ഗമല്ല; അത് സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ്.' ഈ മൂല്യം പ്രാവര്‍ത്തികമാക്കിക്കൊണ്ട്, വ്യവസായ ലോകത്ത് ഒരു നീതിപൂര്‍വകമായ മാതൃകയായി അദ്ദേഹം അവിശ്രമം പ്രവര്‍ത്തിച്ചു.

വിദ്യാഭ്യാസത്തെ സാമൂഹ്യ പുരോഗതിയുടെ ഏറ്റവും ശക്തമായ അടയാളമായി തിരിച്ചറിഞ്ഞ ഇബ്രാഹിം ഹാജി, സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ച് ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ നേതൃത്വം നല്‍കി. 'വിദ്യാഭ്യാസം മനുഷ്യന്റെ ഭാവിയെ മാറ്റുന്ന ഏറ്റവും ശക്തമായ ആയുധമാണ്' എന്ന സന്ദേശം അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും അനാഥര്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യ പഠനാവസരങ്ങള്‍ ഒരുക്കിയും അദ്ദേഹം മനുഷ്യസ്‌നേഹത്തിന്റെ പരമോന്നത മാതൃക ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചു.

നിശ്ശബ്ദ സേവനമായിരുന്നു ഇബ്രാഹിം ഹാജിയുടെ ജീവിതത്തിന്റെ മഹത്വം. രോഗികള്‍ക്ക് ചികിത്സാ സഹായം, ഭവനമില്ലാത്തവര്‍ക്ക് വീട്, അനാഥര്‍ക്ക് സംരക്ഷണം, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ, പ്രവാസികള്‍ക്ക് നിയമ-ആരോഗ്യ സഹായം... അദ്ദേഹം സ്പര്‍ശിച്ച ജീവിതങ്ങളുടെ എണ്ണം അനവധിയാണ്. മനുഷ്യസ്‌നേഹത്തിന്റെ അര്‍ത്ഥമെന്താണെന്ന് അദ്ദേഹം വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തികളിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു.

വിജയത്തിന്റെ പടവുകള്‍ കയറിയപ്പോഴും, ലാളിത്യവും വിനയവും സൗമ്യതയുമായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വഭാവം. ഏത് തലത്തിലുള്ള ആളുമായും തുല്യമായി പെരുമാറുന്ന അസാമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനസ്, നിസ്വാര്‍ത്ഥമായി സഹായിക്കാനുള്ള സന്നദ്ധത, മത-സാമൂഹിക സമത്വത്തോടുള്ള തീക്ഷ്ണമായ ബോധ്യം... ഇവയെല്ലാമാണ് അദ്ദേഹത്തെ ജനങ്ങളുടെ മനസിലെ സ്‌നേഹനിധിയാക്കി മാറ്റിയത്.

ഗള്‍ഫ് മലയാളികളുടെ ജീവിതത്തില്‍ ഇബ്രാഹിം ഹാജിയുടെ പങ്ക് അളക്കാനാവാത്തതാണ്. തൊഴില്‍, ആരോഗ്യം, നിയമസഹായം, അടിയന്തര സാഹചര്യങ്ങള്‍ എത്രയോ പേര്‍ക്ക് നിസ്വാര്‍ത്ഥമായ കൈത്താങ്ങായി അദ്ദേഹം മാറി. 'പി.എ. ഇബ്രാഹിം ഹാജി ഉണ്ടല്ലോ' എന്ന വിശ്വാസം പ്രവാസി സമൂഹത്തിന് എക്കാലവും പ്രതീക്ഷയുടെ വിളക്കായിരുന്നു.

ഇബ്രാഹിം ഹാജിയുടെ ജീവിതം മാനവികതയുടെ ഏറ്റവും ഉയര്‍ന്ന മാതൃകയാണ്. സമര്‍പ്പണം, സേവനം, വിദ്യാഭ്യാസം, മനുഷ്യസ്‌നേഹം, ലാളിത്യം; ഇവയെല്ലാം ഇന്നും അനേകര്‍ക്ക് പ്രചോദനമായി നിലനില്‍ക്കുന്നു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് ജീവിതത്തെ മഹത്തരമാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളും മൂല്യങ്ങളും എന്നും മലയാളികളുടെ മനസ്സുകളില്‍ പ്രകാശമായി തുടരും. അദ്ദേഹത്തിന്റെ അതേ പാതയിലുള്ള മക്കളുടെ യാത്ര, സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.


പി.എ. ഇബ്രാഹിം ഹാജി പത്മശ്രീ എം.എ. യൂസഫലിയോടൊപ്പം ആകാശയാത്രയില്‍



 



Similar News