ദേശീയ പുരസ്‌കാരങ്ങളുടെ ഇരട്ടി മധുരവുമായി വളപ്പില കമ്മ്യൂണിക്കേഷന്‍സ്
ഇന്‍ഡിപെന്‍ഡന്റ് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സും, ഇന്‍ഡിപെന്‍ഡന്റ് ഏജന്‍സി ഹെഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മാനേജിംഗ് ഡയറക്ടറായ ജെയിംസ് വളപ്പിലയും സ്വന്തമാക്കി;
തിരുവനന്തപുരം: മീഡിയ രംഗത്തെ ദേശീയ പുരസ്‌കാരങ്ങളായ ഇ.ഫോര്‍.എം മീഡിയ എയ്‌സ് അവാര്‍ഡ്സില്‍ അഭിമാനകരമായ ഇരട്ട നേട്ടം കൈവരിച്ച് വളപ്പില കമ്മ്യൂണിക്കേഷന്‍സ്. ഇന്‍ഡിപെന്‍ഡന്റ് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്‌കാരം വളപ്പില കമ്മ്യൂണിക്കേഷന്‍സും, ഇന്‍ഡിപെന്‍ഡന്റ് ഏജന്‍സി ഹെഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മാനേജിംഗ് ഡയറക്ടറായ ജെയിംസ് വളപ്പിലയും സ്വന്തമാക്കി.
മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍, വളപ്പില കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍മാരായ ജെയിംസ് വളപ്പില, ജോണ്‍സ് വളപ്പില, ഡയറക്ടര്‍ ലിയോ വളപ്പില എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മീഡിയ സ്ട്രാറ്റജികള്‍, പ്ലാനിംഗ്, ബയിംഗ്, ക്ലയന്റുകളുടെ സംതൃപ്തി, തുടങ്ങിയ ഘടകങ്ങളില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞ വര്‍ഷം പുലര്‍ത്തിയ മികവുറ്റ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. കേരളത്തിലെ പരസ്യരംഗത്തിനും മാധ്യമങ്ങള്‍ക്കും ക്ലയന്റുകള്‍ക്കും കിട്ടിയ ഒരു അംഗീകാരമായാണ് ഈ അവാര്‍ഡുകളെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ജെയിംസ് വളപ്പില പറഞ്ഞു.
കേരളത്തിലെ പരസ്യരംഗത്ത് 40 വര്‍ഷത്തിലേറെ പാരമ്പര്യമാണ് വളപ്പില കമ്മ്യൂണിക്കേഷന്‍സിനുള്ളത്. കേരളത്തിലുടനീളം 9 ബ്രാഞ്ചുകളുള്ള വളപ്പില കഴിഞ്ഞ 28 വര്‍ഷങ്ങളായി ക്രിയേറ്റിവ് അഡ്വര്‍ടൈസിംഗ്, ബ്രാന്‍ഡിംഗ്, മീഡിയ ബയിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഔട്ട് ഡോര്‍, പ്രിന്റ് ആന്‍ഡ് പ്രൊഡക്ഷന്‍, ഇവന്റ്‌സ് ആന്‍ഡ് പി.ആര്‍. തുടങ്ങി സമസ്ത മേഖലകളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു.
അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും എക്‌സ്‌ചേഞ്ച് 4 മീഡിയ കോ-ഫൗണ്ടറുമായ നവല്‍ അഹൂജ, ബിഡബ്ല്യു ബിസിനസ് വേള്‍ഡ് ചെയര്‍മാനും എഡിറ്റര്‍-ഇന്‍-ചീഫുമായ ഡോ. അനുരാഗ് ബത്ര, ഡ്യുറാസെല്‍ ഇന്ത്യ ജനറല്‍ മാനേജറായ സുനില്‍ ഗാഡ്ഗില്‍, ആപ്‌ട്രോവ് അസോസിയേറ്റ് ഡയറക്ടറായ ആകാംക്ഷ തിവാരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡെന്റ്സു, മൈന്‍ഡ് ഷെയര്‍, എഫ്.സി.ബി, മാഡിസണ്‍, ഡബ്ല്യുപിപി, ഹവസ് തുടങ്ങി ദേശീയതലത്തില്‍ അനേകം പ്രമുഖ ഏജന്‍സികള്‍ വിവിധ കാറ്റഗറികളില്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.