കെ.വി കുമാരന്‍ മാസ്റ്റര്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങി

By :  Sub Editor
Update: 2025-10-27 09:24 GMT

കൊല്‍ക്കത്ത: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് കെ.വി കുമാരന്‍ മാസ്റ്റര്‍ കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഏറ്റുവാങ്ങി. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. മാധവ കോശിയാണ് പുരസ്‌കാരം സമ്മാനിച്ചത്. വൈസ് പ്രസിഡണ്ട് കോധാ ശര്‍മ്മ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്മാരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കെ.വി കുമാരന്‍ മാസ്റ്റര്‍ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എസ്.എല്‍. ഭൈരപ്പ രചിച്ച കന്നഡ നോവല്‍ യാന- യാനം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് കുമാരന്‍ മാസ്റ്ററെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ശൂന്യകാശയാത്രയുടെ കഥ പറയുന്ന നോവല്‍ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലാണ് പെടുന്നത്.

ചോമനദുഡിയുടെ വിവര്‍ത്തകന്‍

ഡോ. ശിവറാമ കാറന്തിന്റെ അനശ്വര നോവലായ ചോമന ദുഡി വിവര്‍ത്തനം ചെയ്ത് കെ.വി കുമാരന്‍ മാസ്റ്റര്‍ ശ്രദ്ധേയനായിരുന്നു. കാസര്‍കോട് ഉദുമ സ്വദേശിയാണ്.

1942 ജൂലായ് 8നായിരുന്നു ജനനം. യശ്പാലിന്റെ കൊടുങ്കാറ്റടിച്ച നാളുകള്‍ എന്ന കൃതി ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യശ്പാലിന്റെ തന്നെ മറ്റൊരു കൃതി കൊലക്കയറിന്റെ കുരുക്ക് വരെയും മലയാളത്തിലാക്കി. കൊച്ചു വിപ്ലവകാരികള്‍, ഗോപാലകൃഷ്ണ പൈയുടെ സ്വപ്‌ന സാരസ്വത, എന്നിവയും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്നഡയില്‍ നിന്ന് സര്‍വജ്ഞന്റെ വചനങ്ങളും മലയാളത്തിലാക്കി. ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപകന്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, എ.ഇ.ഒ, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍, സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ കെ.വി കുമാരന്‍ ഔദ്യോഗിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Similar News