ബസിന് കല്ലെറിഞ്ഞ കേസില്‍ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ച ഉപ്പള സ്വദേശി തൂങ്ങി മരിച്ച നിലയില്‍
ഉപ്പള: കര്‍ണ്ണാടകയില്‍ ബസിന് കല്ലെറിഞ്ഞ് ചില്ല് തകര്‍ത്ത കേസില്‍ പൊലീസ് നോട്ടീസ് നല്‍കി വിട്ടയച്ച ഉപ്പള സ്വദേശിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കോടിയിലെ അബ്ദുല്‍ ഹമീദിനെ(49)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഹമീദ് തലപ്പാടിയില്‍ വെച്ച് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്ന് ബസുകള്‍ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ വന്ന കേരള ട്രാന്‍സ് പോര്‍ട്ട് ബസിന് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്നതിനിടെ പ്രകോപിതനായ ഹമീദ് ബസിന്റെ പിന്നിലേക്ക് കല്ലെറിഞ്ഞെതിനെ തുടര്‍ന്ന് ചില്ല് തകരുകയും ബസ് ജീവനക്കാര്‍ ഹമീദിനെ കര്‍ണ്ണാടക ഉള്ളാള്‍ പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. പൊലീസ് രാത്രിയോടെ ആള്‍ ജാമ്യത്തില്‍ ഹമീദിനെ നോട്ടീസ് നല്‍കി വിട്ടയച്ചു. ഇന്നലെ രാവിലെ നോക്കുമ്പോഴാണ് ഹമീദിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.