ബേക്കലിനെ തൊട്ടറിഞ്ഞ് ഗവേഷണ വിദ്യാര്‍ത്ഥികള്‍; ചരിത്രവും സാധ്യതകളും ചര്‍ച്ചയായി

Update: 2025-07-07 09:39 GMT

ബേക്കല്‍: ബേക്കല്‍ കോട്ടയുടെയും ബീച്ചിന്റെയും ചരിത്രവും സാധ്യതകളും ആഴത്തില്‍ പഠിച്ച് രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍. കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് കോഴ്‌സ് ഡയറക്ടര്‍ ഡോ.സി.ഗീതയുടെ നേതൃത്വത്തില്‍ തുടക്കമിട്ട പത്ത് ദിവസത്തെ ഗവേഷണ രീതി ശാസ്ത്ര കോഴ്‌സിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ബേക്കല്‍ സന്ദര്‍ശിക്കാനെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ധനസഹായത്തോടെ ആരംഭിച്ച കോഴ്സില്‍ ഉത്തര്‍പ്രദേശ്, പുതച്ചേരി, ഗുജറാത്ത്, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള പത്ത് ഗവേഷകരും കേരളത്തിലെ മറ്റ് സര്‍വകലാശാലകളില്‍ നിന്നുള്ള പത്ത് ഗവേഷകരും പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ പത്ത് പേരും ഉള്‍പ്പെടെ മുപ്പത് പേര്‍ പങ്കെടുത്തു.

ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗേറ്റ്വേ ബേക്കലും സംഘം സന്ദര്‍ശിച്ചു. ബേക്കലിന്റെ വിനോദ സഞ്ചാരമേഖല സാധ്യതതകളെ കുറിച്ച് ജനറല്‍ മാനേജര്‍ ഗോപാലകൃഷ്ണന്‍ ക്ലാസെടുത്തു. ബേക്കല്‍ കോട്ടയുടെ ചരിത്രം സൈഫുദ്ദീന്‍ കളനാട് വിശദീകരിച്ചു.ബേക്കല്‍ ബീച്ച് പാര്‍ക്ക് സന്ദര്‍ശിച്ച സംഘത്തെ ഡയറക്ടര്‍ അനസ് മുസ്തഫ സ്വാഗതം ചെയ്തു.ബേക്കല്‍ ടൂറിസം പദ്ധതിയെ കുറിച്ച് സൈഫുദ്ദീന്‍ കളനാട് ഗവേഷണ വിദ്യാര്‍ത്ഥികളോട് സംവദിച്ചു.

ബേക്കല്‍ ടൂറിസത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കുമെന്നും ബേക്കലിലെ ടൂറിസം വികസനത്തെക്കുറിച്ച് സമഗ്രമായ ധാരണ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പഠനയാത്ര സഹായിച്ചതായും ഡോ. സി. ഗീത പറഞ്ഞു.

Similar News