ശശി തരൂര്‍ എം.പിയുടെ കാലിന് എന്ത് പറ്റി? വിശദീകരണവുമായി എം.പി തന്നെ രംഗത്ത്
സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് എക്‌സില്‍ കുറച്ച് ദിവസമായി പ്രചരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ എം.പി കാലിന് ബാന്‍ഡേജ് (കാസ്റ്റ്) ഇട്ട് കിടക്കുന്നത്. ഇടതുകാലില്‍ ബാന്‍ഡേജ് കെട്ടിയിട്ടിരിക്കുന്ന എംപിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെയാണ് എം.പി ട്രോളന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചും ചിത്രത്തിന് വിശദീകരണവുമായും രംഗത്തെത്തിയത്.
''സാധാരണ ട്രോള്‍ ഫാക്ടറി, വില കുറഞ്ഞ കമന്റുകളുടെ അകമ്പടിയോടെ രണ്ട് വര്‍ഷം മുമ്പ് കാലിന് ഉളുക്ക് സംഭവിച്ചപ്പോള്‍ എടുത്ത ഒരു ചിത്രം പ്രചരിപ്പിക്കുന്നതിലേക്ക് ചുരുങ്ങുമ്പോള്‍, അവര്‍ ശ്രദ്ധ തിരിക്കുന്നതിനൊപ്പം എത്രമാത്രം നിരാശരാണെന്നും മനസ്സിലാക്കുന്നു! എന്റെ ക്ഷേമത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന എല്ലാവരോടും, എന്റെ കാലിന് സുഖം മാത്രമല്ല, ഞാന്‍ ദിവസവും പാര്‍ലമെന്റില്‍ പങ്കെടുക്കുകയും ദേശീയ ദുരന്തനിവാരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയും ചെയ്യുന്നു.'' എന്നായിരുന്നു അദ്ദേഹം എക്‌സില്‍ മറുപടി നല്‍കിയത്.
2022 ല്‍ ശീതകാല സമ്മേളനത്തിനിടെയാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ കാലിടറിയതിനെ തുടര്‍ന്ന് തരൂരിന് ഇടതു കാല്‍ ഉളുക്കിയത്. ഇടത് കണങ്കാലിന് ചുറ്റും ബാന്‍ഡേജ് ഇട്ട് ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രങ്ങളും മുന്‍ കേന്ദ്രമന്ത്രി പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത് . പരിക്ക് മൂലം അന്ന് തരൂരിനെ വീല്‍ചെയറില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകേണ്ടി വന്നു. വികലാംഗര്‍ക്കായി ഇന്ത്യ എത്രത്തോളം സജ്ജീകരിച്ചിരിക്കുന്നു എന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചിരുന്നു. വികലാംഗരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ എത്രത്തോളം സജ്ജരാണെന്ന് ഈ താല്‍ക്കാലിക വൈകല്യം എന്നെ പഠിപ്പിച്ചു,'' എന്ന് അന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു.