കുമ്പളയില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കുമ്പള എക്‌സൈസ് മൂന്നുമാസത്തിനിടെ പിടിച്ചത് ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന്;
കുമ്പള: കുമ്പള എക്സൈസ് സ്‌ക്വാഡ് മൂന്ന് മാസത്തിനിടെ പിടികൂടിയത് ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന്.
മയക്കുമരുന്ന്-കഞ്ചാവ് കടത്ത് തടയാന്‍ എക്സൈസ് രാത്രികാല പരിശോധന ശക്തമാക്കി. സ്‌കൂട്ടറില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി കുമ്പള സ്വദേശിയെ അറസ്റ്റ് ചെയ്തു. കുമ്പള കഞ്ചിക്കട്ടയിലെ എം. സുനില്‍കുമാറിനെ (35)യാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.യു ജോസഫിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് രാത്രി 11 മണിക്ക് കുമ്പള മാവിനക്കട്ടയില്‍ വെച്ച് സുനില്‍കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിന്റെ ഇരിപ്പിടത്തിനടിയില്‍ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. പിന്നീട് സുനില്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കുമ്പള എക്സൈസിന് കൈമാറി.
മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ മൂന്ന് മാസത്തിനിടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് കഞ്ചാവ്, എം.ഡി.എം.എ മയക്കുമരുന്ന്, കര്‍ണാടക മദ്യം അടക്കം ലക്ഷക്കണക്കിന് രൂപയുടെ കേസുകളാണ് പിടികൂടിയത്. കൂടുതല്‍ രാത്രികാലങ്ങളിലാണ് മയക്കുമരുന്ന് പിടികൂടിയിട്ടുള്ളത്. രാത്രികാല പരിശോധന ശക്തമാക്കാനാണ് തീരുമാനം. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍, സി. അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി. അതുല്‍, സിവില്‍ വനിത എക്‌സൈസ് ഓഫിസര്‍ സജ്‌ന, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സജീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.