ക്രിക്കറ്റ് ഗ്രൗണ്ടിൽ പൂച്ച : പാക് - ന്യൂസിലാൻഡ് മത്സരം തടസ്സപ്പെട്ടു

Update: 2025-02-15 07:59 GMT

കറാച്ചി: കഴിഞ്ഞദിവസം നടന്ന പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലിനിടെ കളിതടസപ്പെടുത്തി കറുത്തപൂച്ച. ഫൈനല്‍ മത്സരത്തിനിടെ ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനിടെയാണ് കറുത്തപൂച്ച ഗ്രൗണ്ടിലിറങ്ങിയത്. ഇതോടെ കളി കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. പിന്നീട് പൂച്ച ഗ്രൗണ്ടില്‍ നിന്നും പുറത്തുപോയശേഷമാണ് മത്സരം പുനരാരംഭിച്ചത്.

നേരത്തെ പാകിസ്ഥാന്‍ ഇന്നിംഗ്‌സിനിടെ ബൗണ്ടറിക്ക് പുറത്തുകൂടി ഈ പൂച്ച അലഞ്ഞുതിരിഞ്ഞിരുന്നുവെങ്കിലും ഗ്രൗണ്ടിനകത്ത് കയറിയില്ല. പിന്നീട് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിനിടെയാണ് ഗ്രൗണ്ടില്‍ ഇറങ്ങിയത്. പൂച്ചയുടെ വരവ് കണ്ട് ബ്ലാക്ക് ക്യാപ്‌സിന് അകമ്പടിയായി ബ്ലാക്ക് കാറ്റ് ഇറങ്ങിയെന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ഡാനി മോറിസണ്‍ പറഞ്ഞു. ഇത് കാണികളില്‍ ചിരി പടര്‍ത്തി.

പൂച്ചയെ ഓടിക്കാന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ പൂച്ച തന്നെ സ്വയം ഗ്രൗണ്ടില്‍ നിന്ന് മാറിപ്പോയി. പൂച്ചയെ പിടിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞില്ല.

ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് വിജയം കണ്ടത്. 243 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ന്യൂസിലന്‍ഡ് 28 പന്തുകള്‍ ശേഷിക്കേ തന്നെ അത് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിരയില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് റിസ് വാനാണ് ടോപ് സ്‌കോറര്‍. ആഗ സല്‍മാന്‍(45), തയ്യബ് താഹിര്‍(38), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ അസം(29) റണ്‍സ് എടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗില്‍ വില്‍ യംഗിനെ ന്യൂസിലന്‍ഡിന് തുടക്കത്തിലെ നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വെ(48), കെയ്ന്‍ വില്യംസണ്‍(34), ഡാരില്‍ മിച്ചല്‍(57), ടോം ലാഥം(56), ഗ്ലെന്‍ ഫിലിപ്‌സ്(20) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കിവീസ് അനായാസം ലക്ഷ്യം കണ്ടു. ചാമ്പ്യന്‍സ് ട്രോഫിയില്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലും ന്യൂസിലന്‍ഡ് തന്നെയാണ് പാകിസ്ഥാന്റെ എതിരാളികള്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ 78 റണ്‍സിന്റെ ആധികാരിക ജയം നേടിയിരുന്നു.

Similar News