'രോഹിത് വിളിക്കുന്നത് രാത്രി സിനിമ കാണുന്നതിനിടെ'; ഏകദിന ടീമില്‍ ഇടംനേടിയതിനെ കുറിച്ച് ശ്രേയസ് അയ്യര്‍

Update: 2025-02-07 05:44 GMT

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ താന്‍ എത്തിയത് അവിചാരിതമായെന്ന് വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍. ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പികളില്‍ ഒരാളായിരുന്നു ശ്രേയസ്. ശ്രേയസ് ആദ്യം ടീമില്‍ ഉണ്ടായിരുന്നില്ല. അവസാന നിമിഷം കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് വിരാട് കോലിക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് അയ്യര്‍ക്ക് നറുക്ക് വീണത്.

ഓപ്പണറായി യശസ്വി ജയ്‌സ്വാളിന് അവസരം നല്‍കാന്‍ തീരുമാനിച്ചതോടെയാണ് അയ്യരെ പുറത്തിരുത്താന്‍ ടീം തീരുമാനിച്ചത്. അതേസമയം, കോലിക്ക് പകരം ടീമിലെത്തിയ അയ്യര്‍ 36 പന്തില്‍ 59 റണ്‍സ് അടിച്ചുകൂട്ടി കരുത്തു കാട്ടുകയും ചെയ്തു. മത്സരശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് താന്‍ ടീമിലുണ്ടായിരുന്നില്ലെന്ന കാര്യം അയ്യര്‍ വ്യക്തമാക്കിയത്.

'അതൊരു രസകരമായ കഥയാണ്. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ ഒരു സിനിമ കണ്ടു കിടക്കുകയായിരുന്നു. ഒന്നാം ഏകദിനത്തില്‍ ഞാന്‍ ഉണ്ടാകില്ലെന്ന് തീര്‍ച്ചയായതിനാല്‍ സിനിമ കണ്ടുതീര്‍ത്ത് രാത്രി വൈകി കിടക്കാമെന്ന് കരുതി. അതിനിടെയാണ് രാത്രി വൈകി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോണില്‍ വിളിച്ചത്. വിരാട് കോലിയുടെ കാല്‍മുട്ടിന് പരുക്കുള്ളതിനാല്‍ കളിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ സിനിമ കാണുന്നത് നിര്‍ത്തി നേരെ മുറിയിലേക്ക് പോയി കിടന്നുറങ്ങി' - എന്നാണ് സംഭവത്തെ കുറിച്ചുള്ള ശ്രേയസിന്റെ വിവരണം.

എന്നാല്‍ ശ്രേയസ് അയ്യരെ പുറത്തിരുത്തി യശസ്വി ജയ്സ്വാളിന് അവസരം നല്‍കാനുള്ള നീക്കത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ തന്ത്രപരമായാണ് അയ്യര്‍ നേരിട്ടത്. 'ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടതെന്ന് ഒരുപക്ഷേ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. തല്‍ക്കാലം ഇതിനെ ഞാന്‍ ഗൗരവത്തോടെ കാണുന്നില്ല. ഈ വിജയവും നിമിഷവും ഞാന്‍ ആസ്വദിക്കുന്നു'- എന്നായിരുന്നു അയ്യരുടെ മറുപടി.

യശസ്വി ജയ്‌സ്വാളിന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയതോടെ, ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ അഴിച്ചുപണി നടത്തിയിരുന്നു. സ്ഥിരം ഓപ്പണിങ് പങ്കാളികളായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും വേര്‍പിരിഞ്ഞതായിരുന്നു അതില്‍ പ്രധാനം. രോഹിത് ജയ് സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്തപ്പോള്‍, ഗില്‍ വണ്‍ ഡൗണായി. അതേസമയം, കോലി കളിച്ചിരുന്നെങ്കില്‍ ആരാകും വണ്‍ ഡൗണാവുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥിരം നാലാം നമ്പര്‍ ബാറ്റര്‍ ശ്രേയസ് അയ്യരായിരുന്നു. ദീര്‍ഘകാലം ഈ സ്ഥാനത്ത് ഇന്ത്യ നേരിട്ട കനത്ത വെല്ലുവിളികള്‍ക്കുള്ള മറുപടി കൂടിയായിരുന്നു അയ്യരുടെ വരവ്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയതിന് പിന്നിലും അയ്യരുടെ അധ്വാനമുണ്ടായിരുന്നു. ലോകകപ്പിലാകെ 66.25 ശരാശരിയില്‍ 468 റണ്‍സാണ് അയ്യര്‍ അടിച്ചുകൂട്ടിയത്.

Similar News