'വീണ്ടും 5 കിലോ കൂടി കുറച്ചു': ഏകദിന പരമ്പരയ്ക്കായി പരിശീലനത്തിനിറങ്ങിയ രോഹിത് ശര്‍മയുടെ വീഡിയോ വൈറല്‍

ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പായി കഠിനമായ പരിശീലനത്തിലൂടെ രോഹിത് 11 കിലോ ശരീര ഭാരമാണ് കുറച്ചത്;

Update: 2025-11-09 07:08 GMT

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നവംബര്‍ 30 മുതലാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര തുടങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായി കഴിഞ്ഞദിവസം മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സ് ഗ്രൗണ്ടിലെ നെറ്റ് സില്‍ പരിശീലനം പുനരാരംഭിച്ചപ്പോള്‍, ആരാധകരുടെയെല്ലാം ശ്രദ്ധ പിടിച്ചു പറ്റിയത് രോഹിത്തിന്റെ ലുക്കിലാണ്. ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പായി രോഹിത് തന്റെ ഭാരം ഗണ്യമായി കുറച്ചിരുന്നു. കഠിനമായ പരിശീലനത്തിലൂടെ രോഹിത് 11 കിലോ ശരീര ഭാരമാണ് കുറച്ചത്. ഭക്ഷണനിയന്ത്രണവും ജിമ്മില്‍ വ്യായാമവും നടത്തിയാണ് രോഹിത് തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തിയത്.

എന്നാല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പായി പരിശീലത്തിനിറങ്ങിയ രോഹിത്തിന് 5 കിലോ ഭാരം കൂടി കുറഞ്ഞതായാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ തവണ കണ്ടതിനേക്കാളും മെലിഞ്ഞ ശരീരമാണ് ഇത്തവണ പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ശരീര ഭാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

തിരിച്ചുവരവില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 202 റണ്‍സുമായി രോഹിത് പരമ്പരയിലെ താരമായി. ഈ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടി, സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. ടെസ്റ്റ്, ടി20 ഐ കരിയറിനു വിരാമമിട്ട രോഹിത് അന്താരാഷ്ട്ര തലത്തില്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് ഇപ്പോള്‍ കളി തുടരുന്നത്. തിരിച്ചു വരവില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും അതൊന്നും രോഹിത്തിന്റെ കളിയെ ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.


Similar News