സോഫ്റ്റ് ബേസ്‌ബോളില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായി ഇന്ത്യ; അഭിമാന നേട്ടത്തോടെ ചിറക് വിടര്‍ത്തി കാസര്‍കോട്ടെ താരങ്ങള്‍
സോഫ്റ്റ് ബേസ്ബോള്‍ ഏഷ്യന്‍ ഗെംയിസില്‍ വനിതാ വിഭാഗം ജേതാക്കളായ ഇന്ത്യന്‍ ടീമിലെ കാസര്‍കോട് സ്വദേശിനികളായ താരങ്ങള്‍
കാസര്‍കോട്: നേപ്പാളില്‍ ഇന്നലെ സമാപിച്ച സോഫ്റ്റ് ബേസ്ബോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടകിരീടം ചൂടി ഇന്ത്യ. കാസര്‍കോട് സ്വദേശിനികളായ ആറ് പെണ്‍കുട്ടികള്‍ അണിനിരന്ന വനിതാ ടീമും ഒരു കാസര്‍കോട് സ്വദേശി ഉള്‍പ്പെട്ട പുരുഷടീമുമാണ് ഏഷ്യന്‍ കിരീടം ചൂടി കാസര്‍കോടിന് അഭിമാനമായാത്. വനിത-പുരുഷ ടീമുകള്‍ ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ കീഴ്‌പ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിലെ ട്രാവല്‍ ആന്റ് ടൂറിസം വിദ്യാര്‍ത്ഥിനികളായ സി.ബി. ഫാത്തിമത്ത് റംസീന, പി. ആയിഷത്ത് മെഹറുന്നീസ, ബി.എ കന്നഡ വിദ്യാര്‍ത്ഥിനി ബി. അശ്വിനി, മെഹറുന്നിസയുടെ സഹോദരിയും തളങ്കര ദഖീറത്ത് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പി.ആര്‍. റബീഅ ഫാത്തിമ, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി മഞ്ചേശ്വരം കന്യാലയിലെ ശ്രാവ്യ, കണ്ണൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയും പള്ളിക്കര സ്വദേശിനിയുമായ അനഘ എന്നിവരാണ് ദേശീയ വനിതാ ടീമിന്റെ ഭാഗമായ കാസര്‍കോട് സ്വദേശിനികള്‍. മെയില്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടന്ന ദേശീയതല ഫെഡറേഷന്‍ കപ്പ് മത്സരത്തില്‍ മെഹറുന്നിസയും റംസീനയും ഉള്‍പ്പെട്ട കേരള ടീം ജേതാക്കളായിരുന്നു. മറ്റുള്ളവര്‍ ദേശീയ യൂത്ത് ചാമ്പ്യന്‍സ് മത്സരത്തില്‍ ജേതാക്കളായ കേരള ടീമിന്റെ ഭാഗമായിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ടീമാണ് ഏഷ്യന്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. മൊഗ്രാല്‍ സ്വദേശി അഹനാഫ് ഉള്‍പ്പെട്ട പുരുഷ ടീമാണ് ഏഷ്യന്‍ ചാമ്പ്യന്മാരായത്.
കിരീട നേട്ടത്തിന് തിളക്കം ചാര്‍ത്തി കാസര്‍കോട്ടെ സഹോദരിമാര്‍
കാസര്‍കോട്: ഏഷ്യന്‍ കിരീടം നേടിയ ഇന്ത്യന്‍ സോഫ്റ്റ് ബേസ്ബോള്‍ വനിതാ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഹോദരിമാര്‍ കാസര്‍കോടിന്റെ പ്രിയങ്കരികളായി. കാസര്‍കോട് പള്ളം സ്വദേശിനികളായ മെഹറുന്നിസയും അനുജത്തി റബീഅ ഫാത്തിമയുമാണ് ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ സഹോദരിമാര്‍. കാസര്‍കോട് പള്ളത്തെ പി.എ റാഷിദിന്റെയും ഹാജറയുടെയും മക്കളാണ്. മെഹറുന്നിസ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലും റബീഅ ഫാത്തിമ തളങ്കര ദഖീറത്ത് സ്‌കൂളിലുമാണ് പഠിക്കുന്നത്. പത്താം തരം വരെ ദഖീറത്ത് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മെഹ്‌റുന്നിസ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മികവ് പ്രകടിപ്പിച്ചിരുന്നു. ഗോവിന്ദ പൈ കോളേജ് വിദ്യാര്‍ത്ഥിയും ബേസ്‌ബോള്‍ താരവുമായ സൈഫാന്‍ ഷേഖാണ് മെഹറുന്നിസയെ സോഫ്റ്റ് ബേസ്‌ബോളിലേക്ക് ആകര്‍ഷിക്കുന്നത്. കോളേജിലെ കായികാധ്യാപകന്‍ ലോറന്‍സും പിന്തുണ നല്‍കി. മെഹറുന്നിസയുടെ മികവ് കണ്ടാണ് സഹോദരി റബീഅയും പിന്നാലെ കൂടി സോഫ്റ്റ് ബേസ്‌ബോള്‍ താരമായത്.
റബീഅയും സഹോദരി മെഹറുന്നിസയും