ചാമ്പ്യന്‍സ് ട്രോഫി:സെലക്ഷന്‍ കമ്മിറ്റി യോഗത്തിനിടെ താരങ്ങളെ ചൊല്ലി തര്‍ക്കിച്ച് ഗംഭീറും അഗാര്‍ക്കറും

Update: 2025-02-16 10:59 GMT

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിനിടെ രൂക്ഷമായ വാക്കുതര്‍ക്കം. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുന്നതിനെയും ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്നതിനെയും ഗംഭീര്‍ എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ റിഷഭ് പന്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ ടീമിനായി വിക്കറ്റ് കാത്തത്. രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന ഋഷഭ് പന്തിന് ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കിയിരുന്നില്ല. ടീമില്‍ത്തന്നെ ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിക്കാതെ പോയ ഏക താരവും പന്തായിരുന്നു. മാത്രമല്ല, കെ.എല്‍. രാഹുലാണ് ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പ്രഖ്യാപിച്ചതോടെ ഋഷഭ് പന്തിന്റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങളുയര്‍ന്നിരുന്നു.

'കെ.എല്‍. രാഹുലാണ് ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ഈ ഘട്ടത്തില്‍ അത്ര മാത്രമേ പറയാനാകൂ. ഋഷഭ് പന്തിന് ഭാവിയില്‍ അവസരം ലഭിക്കുമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.എല്‍. രാഹുല്‍ നല്ല രീതിയില്‍ വിക്കറ്റ് കീപ്പറുടെ ജോലി നിര്‍വഹിക്കുന്നുണ്ട്. എന്തായാലും രണ്ട് വിക്കറ്റ് കീപ്പര്‍മാരെ കളിപ്പിക്കേണ്ട കാര്യമില്ലല്ലോ' - എന്നായിരുന്നു മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോള്‍ ഗംഭീര്‍ പറഞ്ഞത്.

അതേസമയം, ചാംപ്യന്‍സ് ട്രോഫിക്കുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കുന്ന സമയത്ത് ഋഷഭ് പന്താകും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്നാണ് അഗാര്‍ക്കര്‍ വിശദീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പക്ഷേ, പന്തിന് ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിച്ചതുമില്ല. തന്റെ സമ്മതമില്ലാതെ അഗാര്‍ക്കര്‍ ടീമിലുള്‍പ്പെടുത്തിയ റിഷഭ് പന്തിനെ വെട്ടുകയാണ് ഇതിലൂടെ ഗംഭീര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഗംഭീറിന് താല്‍പര്യമില്ലാതിരുന്നിട്ടും ടീമിലെടുത്ത ശ്രേയസ് അയ്യരാകട്ടെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച് ചാമ്പ്യന്‍സ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കി. റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു ഗംഭീറിന്റെ മനസില്‍ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുകയും പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലില്‍ പരുക്കല്‍ക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ വഴിയടഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന പന്തിന് ചാമ്പ്യന്‍സ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഒറ്റ ഇടം കയ്യന്‍ പോലുമില്ലെന്നതിന്റെ കുറവ് അക്‌സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരിഹരിച്ചത്. ഇതും റിഷഭ് പന്തിന്റെ വഴിയടക്കാനുള്ള ഗംഭീറിന്റെ തന്ത്രമായാണ് വിലയിരുത്തുന്നത്.

അവസരം മുതലെടുത്ത് അക്‌സര്‍ പട്ടേല്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ 52, 41 റണ്‍സ് വീതം നേടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അക്‌സര്‍ പട്ടേല്‍. അന്ന് 47 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് വിരാട് കോലിക്കൊപ്പം ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഏകദിന ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രേയസ് അയ്യരുടെ കാര്യത്തിലായിരുന്നു സെലക്ഷന്‍ കമ്മിറ്റി യോഗത്തിലെ മറ്റൊരു പ്രധാന ചര്‍ച്ച. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 181 റണ്‍സടിച്ച് അയ്യര്‍ കരുത്തുകാട്ടിയിരുന്നു. അയ്യരുടെ മികച്ച ഫോം മധ്യനിരയിലെ ഇന്ത്യയുടെ ദൗര്‍ബല്യം ഒരുപരിധി വരെ പരിഹരിക്കുകയും ചെയ്തു.

അതേസമയം, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും വിരാട് കോലിക്ക് പരുക്കേറ്റതുകൊണ്ടു മാത്രമാണ് കളിപ്പിച്ചതെന്നും അയ്യര്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. രാത്രി ടിവി കാണുന്നതിനിടെ രോഹിത് ശര്‍മ വിളിച്ച് തന്നോട് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അയ്യര്‍ പറഞ്ഞിരുന്നു.

ഇങ്ങനെ ലഭിച്ച അവസരം അയ്യര്‍ മുതലെടുത്ത് അര്‍ധസെഞ്ചറി കുറിച്ചതോടെ താരത്തെ തുടര്‍ന്നും കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. ആദ്യ മത്സരത്തില്‍ പരീക്ഷിച്ച യശസ്വി ജയ്സ്വാളിന്, വിരാട് കോലിയുടെ തിരിച്ചുവരവോടെ ടീമിലെ സ്ഥാനം നഷ്ടമാകുകയും ചെയ്തു.

Similar News