ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സിന് ഇത് ചരിത്ര മുഹൂര്‍ത്തം: ലോക കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഇദംപ്രഥമമായി കളത്തില്‍ ഇറങ്ങും

Update: 2025-03-12 10:14 GMT

മാര്‍ച്ച് 20 മുതല്‍ 23 വരെ ആഫ്രിക്കയിലെ കെനിയയില്‍ വെച്ച് നടക്കുന്ന ഡബ്ലിയു.ആര്‍. സി സഫാരി റാലിയില്‍ മത്സരിക്കുന്ന ഇന്ത്യന്‍ റാലി താരങ്ങളായ നവീന്‍ പുലിഗില്ല, മൂസ ഷരീഫ് സഖ്യം

കാസര്‍കോട്: മാര്‍ച്ച് 20 മുതല്‍ 23 വരെ ആഫ്രിക്കയിലെ കെനിയയില്‍ നടക്കുന്ന ലോക കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ (സഫാരി റാലി, കെനിയ) അരങ്ങേറ്റം കുറിക്കാന്‍ ഇന്ത്യന്‍ ടീമിന് അവസരം ഒരുങ്ങുന്നു. ഇന്ത്യന്‍ കാര്‍ റാലി താരങ്ങളായ ഹൈദരാബാദ് സ്വദേശി നവീന്‍ പുലിഗില്ല, മലയാളിയും കാസര്‍കോട് സ്വദേശിയുമായ മൂസാ ഷരീഫ് എന്നിവരാണ് ആഫ്രിക്ക ഇക്കോ മോട്ടോര്‍ സ്‌പോര്‍ട്‌സ് ടീമിന് വേണ്ടി ഡബ്ലിയു ആര്‍ സി സഫാരി റാലിയില്‍ കളത്തിലിറങ്ങുന്നത്.

ഇന്ത്യന്‍ കാര്‍ റാലി ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡ്രൈവറും കോ ഡ്രൈവറും അടങ്ങുന്ന പൂര്‍ണ്ണ ഇന്ത്യന്‍ ടീം ഒരു ലോക കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. 1381.92 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതി കഠിനമായ വെല്ലുവിളികള്‍ നിറഞ്ഞ പാതയിലൂടെയുള്ള 21 സ്റ്റേജുകള്‍ അടങ്ങിയതാണ് കെനിയയിലെ നൈവാശ കേന്ദ്രീകരിച്ച് നടക്കുന്ന ലോക റാലി ചാമ്പ്യന്‍ഷിപ്പ്.

റാലി 3 ഫോര്‍ഡ് ഫീസ്റ്റ കാര്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുന്നത്. മോട്ടോര്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും കഠിനമായ വെല്ലുവിളികളില്‍ ഒന്നാണ് സഫാരി റാലി. എന്നാല്‍ ശക്തമായ പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും റാലി കരിയറിലെ മഹത്തായ ഒരു അനുഭവമായിരിക്കുമിതെന്നും കോ ഡ്രൈവര്‍ മൂസാ ഷരീഫ് പറഞ്ഞു.

ലോക റാലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക എന്നത് ഒരു സ്വപ്നസാക്ഷാത്കാരമാണെന്നും ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട് സിന് ലഭിച്ച വലിയ അംഗീകാരമാണിതെന്നും ഓഫ് റോഡ് ഡ്രൈവര്‍ നവീന്‍ പുലിഗില്ല പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ നടന്ന ഏഷ്യന്‍ പസഫിക് റാലിയിലടക്കം മികച്ച പ്രകടനം കാഴ്ചവച്ച ഹൈദരാബാദ് സ്വദേശിയായ നവീന്‍ പുലിഗില്ലയും കഴിഞ്ഞ 33 വര്‍ഷമായി കാര്‍ റാലി മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന 91 അന്താരാഷ്ട്ര റാലികളിലടക്കം 331 കാര്‍ റാലികളില്‍ മാറ്റുരച്ച പരിചയസമ്പന്നനായ കോ ഡ്രൈവര്‍ കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ സ്വദേശിയായ മൂസാ ഷരീഫും ഒത്തുചേര്‍ന്ന് ലോക കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ റാലി സ്‌നേഹികളായ കായിക പ്രേമികളും ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സും പ്രതീക്ഷയോടെയാണ് ഇത് ഉറ്റുനോക്കുന്നത്.

Similar News