ചെര്‍ക്കളയില്‍ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇപ്പോഴും മന്ദഗതിയില്‍

Update: 2025-12-06 10:25 GMT

ചെങ്കളയില്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന സര്‍വീസ് റോഡ്‌

ചെര്‍ക്കള: തലപ്പാടി-ചെങ്കള റീച്ചില്‍ ദേശീയപാതയുടെയും സര്‍വീസ് റോഡുകളുടെയും ജോലികള്‍ അന്തിമഘട്ടത്തിലെന്ന് നിര്‍മ്മാണ കമ്പനി അധികൃതര്‍ അവകാശപ്പെടുമ്പോഴും ചെങ്കളയിലെ സര്‍വീസ് റോഡ് നിര്‍മ്മാണം ഇപ്പോഴും പാതിവഴിയില്‍ തന്നെ. ചെങ്കള മുതല്‍ ചെര്‍ക്കള വരെയുള്ള സര്‍വീസ് റോഡ് നിര്‍മ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഗതാഗതക്കുരുക്കും കാല്‍നടയാത്രക്കാര്‍ക്ക് ദുരിതവുമുണ്ടാകുന്നുണ്ട്. സര്‍വീസ് റോഡിലെ ഗതാഗതക്കുരുക്കില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സര്‍വീസ് റോഡ് നിര്‍മ്മാണം പാതിവഴിയിലിരിക്കെ വീതി കുറഞ്ഞ റോഡില്‍ ടുവേ സംവിധാനം ഏര്‍പ്പെടുത്തിയത് ഇരട്ട ദുരിതമായിട്ടുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ചെര്‍ക്കള വരെയുള്ള സര്‍വീസ് റോഡില്‍ പലയിടങ്ങളിലും റോഡിന്റെ വീതി നാല് മീറ്ററാണ്. ഇതിലെ എങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വാഹനം കടന്നുപോകുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. ഇതിനിടയിലാണ് സര്‍വീസ് റോഡരികില്‍ പലയിടത്തും അനധികൃത വാഹന പാര്‍ക്കിങ്ങും. വലിയ ഗതാഗതക്കുരുക്കാണ് സര്‍വീസ് റോഡില്‍ പലയിടത്തും അനുഭവപ്പെടുന്നത്.


Similar News