അധികൃതര്‍ എന്ന് കണ്ണുതുറക്കും?പള്ളത്തടുക്ക-ഏത്തടുക്ക റോഡില്‍ യാത്രാദുരിതത്തിന് അറുതിയായില്ല

വീതി കുറഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര പലപ്പോഴും അപകടത്തിന് കാരണമാവുന്നു;

Update: 2025-05-03 09:36 GMT

ബദിയടുക്ക: അധികൃതരുടെ അനാസ്ഥ കാരണം പള്ളത്തടുക്ക-ഏത്തടുക്ക റോഡിലെ യാത്രാക്ലേശത്തിന് അറുതിയായില്ല. വീതി കുറഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര പലപ്പോഴും അപകടത്തിന് കാരണമാവുന്നു. മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള 7.5കിലോ മീറ്റര്‍ റോഡാണിത്.

വീതി ഇല്ലാത്തതിനാല്‍ രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോവാന്‍ കഴിയുന്നില്ല. ഇതുകാരണം ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കവും പതിവാണ്. ഇതുവഴിയുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം കാലാകാലങ്ങളില്‍ ഉയരുന്നതാണ്. എങ്കിലും അധികൃതര്‍ കണ്ണുതുറക്കുന്നില്ല.

റോഡിലെ കലുങ്കും ബെള്ളംബെട്ടുവിലുള്ള പാലവും അപകടാവസ്ഥയിലായി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നന്നാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. പാതയോരങ്ങളില്‍ ഓവുചാല്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. റോഡ് വീതി കൂട്ടി നവീകരണ പ്രവര്‍ത്തനം നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പള്ളത്തടുക്ക-ഏത്തടുക്ക പൊതുമരാമത്ത് റോഡില്‍ നിലവില്‍ ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. വീതി കൂട്ടി റോഡ് നവീകരിച്ചാല്‍ കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാവും. ആവശ്യത്തിന് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പലരും വാടക വാഹനത്തെയാണ് ആശ്രയിക്കുന്നത്.

കലുങ്കും പാലവും അപകടാവസ്ഥയിലായതിനാല്‍ പത്ത് ടണ്ണിന് മുകളിലുള്ള വാഹനങ്ങള്‍ പോകാന്‍ പാടില്ലെന്ന ബോര്‍ഡ് അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അമിത ഭാരവുമായി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥലത്തിന്റെ ഒരുവശത്തുകൂടി കടന്നുപോവുന്ന റോഡും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശവുമാണ്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെര്‍ക്കള-ബദിയടുക്ക വഴി പള്ളത്തടുക്കയിലെത്തി കര്‍ണാടക പുത്തൂരിലേക്ക് ചെന്നെത്താന്‍ കഴിയുന്നതിനാല്‍ ഈ റോഡിനെയാണ് പലരും ആശ്രയിക്കുന്നത്. മാത്രവുമല്ല, അതിര്‍ത്തി പ്രദേശമായ നാട്ടക്കല്ല്, ഗോളിക്കട്ട, ബീജതക്കട്ട, ഏത്തടുക്ക, പുത്രക്കള തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇതുവഴി പള്ളത്തടുക്കയിലെത്തി ചെര്‍ക്കള-കാസര്‍കോട് വഴി ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും ഉക്കിനടുക്കയിലുള്ള കാസര്‍കോട് മെഡിക്കല്‍ കോളേജിലേക്കും പെര്‍ളയിലൂടെ അഡുക്കസ്ഥല വഴി പുത്തൂരിലേക്കും പുത്തിഗെ-പെര്‍മുദെ-ബന്തിയോട് വഴി മംഗളൂരുവിലേക്കും കടന്നുപോവുന്ന റോഡാണിത്.

റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് ഒരു കോടി 84 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും തുടര്‍ പ്രവര്‍ത്തി ഇതുവരെ നടന്നിട്ടില്ല.

Similar News